അച്ഛനെപ്പറ്റിയുള്ള ഓർമ; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ക്രിസ്ത്യാനോ: വീഡിയോ

അച്ഛനെപ്പറ്റിയുള്ള ഓർമ്മകളിൽ വിങ്ങിപ്പോട്ടി പോർച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ. ഒരു ബ്രിട്ടീഷ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനോ വികാരാധീനനായത്. പ്രശസ്ത അവതാരകന്‍ പിയേഴ്‌സ് മോര്‍ഗനായിരുന്നു റൊണാള്‍ഡോയുമായി അഭിമുഖം നടത്തിയത്.

അഭിമുഖത്തിനിടയ്ക്ക് മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന പിതാവിന്റെ വീഡിയോ കാണിച്ചപ്പോളാണ് റൊണാള്‍ഡോ പൊട്ടിക്കരഞ്ഞത്. “ഈ വീഡിയോ താന്‍ ആദ്യമായാണ് കാണുന്നത്. വീട്ടില്‍ മറ്റാരും ഇതു കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. ഞാൻ പുരസ്കാരങ്ങൾ വാങ്ങുന്നതു മറ്റും അദ്ദേഹം കണ്ടിട്ടില്ല. എൻ്റെ അമ്മയും സഹോദരനും ഭാര്യയും മക്കളുമെല്ലാം ഞാൻ കളിക്കുന്നതും ഇങ്ങനെ വളർന്നതും കണ്ടിട്ടുണ്ട്. പക്ഷേ, ചെറുപ്പത്തിൽ മരണപ്പെട്ടതു കൊണ്ട് അദ്ദേഹം (അച്ഛൻ) ഇതൊന്നും കണ്ടിട്ടില്ല.”- ക്രിസ്ത്യാനോ പറഞ്ഞു.

മദ്യപാനി ആയിരുന്നതു കൊണ്ട് തന്നെ പിതാവിനെ നന്നായി മനസ്സിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നും അധികം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാള്‍ഡോയുടെ പിതാവ് 14 വര്‍ഷം മുമ്പ് മരിച്ചിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് കരള്‍ രോഗം ബാധിച്ചായിരുന്നു ഡിനീസ് അവെയ്‌റോയുടെ മരണം. 2005 സെപ്തംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-വിയ്യാറയൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മാച്ചിൻ്റെ തലേ ദിവസമായിരുന്നു അദ്ദേഹം മരണപ്പെട്ടത്. 52 വയസായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top