Advertisement

അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായ പ്യാരി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

September 17, 2019
Google News 3 minutes Read

കല്യാണരാമൻ എന്ന സിനിമയിലെ കാലഘട്ടത്തെപ്പറ്റി ഒരുപാട് ചർച്ചകൾ വന്നതാണ്. എത്ര ചർച്ചകൾക്ക് ശേഷവും എന്ന് നടന്ന കഥയാണെന്നതിനെപ്പറ്റി വ്യക്തമായ ഒരു ചിത്രം കിട്ടിയില്ലെന്ന് മനസ്സിലാക്കുന്നു. എന്നാൽ നൂറ് തൊഴിലില്ലാദിനങ്ങൾക്ക് ശേഷം സിനിമയിലെ ഫ്ലാഷ്ബാക്കിൽ കാണിക്കുന്ന കാലഘട്ടം പഴയത് തന്നെയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്താൻ എനിക്ക് സാധിച്ചു. പക്ഷേ അതിന്റെ കൂടെ അതിനേക്കാൾ വിലപ്പെട്ട ഒരു സത്യം മനസ്സിലാക്കാൻ സാധിച്ചതാണ് ഏറെ സന്തോഷിപ്പിക്കുന്നത് – പ്യാരി നമ്മളുദ്ദേശിക്കുന്ന ആളല്ല !!

ശ്യാം പുഷ്കരന്റെ ഒരു ഇന്റർവ്യൂവിൽ രസതന്ത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. പ്രേമൻ മരപ്പണി ജയിലിൽനിന്ന് പഠിച്ചതാണെന്ന് വരുത്തിത്തീർക്കേണ്ട ആവശ്യമെന്താണ്, അത് അദ്ദേഹത്തിന്റെ കുലത്തൊഴിൽ ആയാൽ എന്താണ് കുഴപ്പം എന്ന് ശ്യാം പുഷ്കരൻ ചോദിക്കുന്നു. അതുപോലെ രാമൻകുട്ടിയേയും കുടുംബത്തെയും വെറും പാചകക്കാരായി കാണരുത്, വലിയ തറവാട്ടുകാരാണെന്ന് സിനിമയുടെ തുടക്കത്തിലേ ലാലു അലക്‌സ് വാണിംഗ്‌ തരുന്നുണ്ട്. ആ നിർബന്ധിത ശീലത്തിൽ നിന്ന് ഈ സിനിമയും വ്യത്യസ്തമല്ല. എന്നാൽ അക്കാര്യത്തിൽ ഒരു പരിധിവരെ ഈ സിനിമയെ കുറ്റവിമുക്തമാക്കാവുന്നത് പ്യാരിയുടെ കഥാപാത്രസവിശേഷതകൾ വിലയിരുത്തുമ്പോഴാണ്. നായകൻ എന്ത് തേങ്ങയോ ആകട്ടെ, പ്യാരി ഒരു കാലത്തെ സാമൂഹികാവസ്ഥയുടെ യഥാർഥ ചിത്രീകരണമാണ്. ശരിക്ക് നോക്കിയാൽ നമുക്ക് മനസ്സിലാവും.

ആദ്യമായി ഈ സിനിമ പഴയ കാലത്താണ് സെറ്റ് ചെയ്തിരിക്കുന്നത് എന്നത് തെളിയിക്കാൻ ചില ഉദാഹരണങ്ങൾ പറയാം. എന്നിരുന്നാലേ ഏത് തരം സാമൂഹിക സവിശേഷതകളിലാണ് പ്യാരിയുടെ പ്രസക്തി എന്ന് വിശദീകരിക്കാനാവൂ.

• “പുത്യേ പഴഞ്ചൊല്ലാ, കഴിഞ്ഞയാഴ്ച റിലീസായതേയുള്ളൂ” എന്ന പ്യാരിയുടെ ഡയലോഗ്-
ഈ പഴഞ്ചൊല്ലുകൾ എന്നുപറയുന്നത് പഴയകാലത്ത് ഉണ്ടായതാണല്ലോ. പിന്നീട്‌ പറഞ്ഞും കേട്ടും അതങ്ങനെ പ്രയോഗത്തിൽ വരികയാണ്. എല്ലാ ചൊല്ലിനും പഴയകാലത്ത് നടന്ന ഒരു ഉത്ഭവകഥ ഉണ്ടാവും. അന്ന് കൂടെക്കൂടെ ഇത്തരം പഴഞ്ചൊല്ല് രൂപീകരണം നടക്കുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. എന്തെങ്കിലും നടന്നാൽ അതുമായി ബന്ധപ്പെട്ട് ഒരു ചൊല്ല് ഉണ്ടാവും. ആൾക്കാർ ഉടനടി അത് സംസാരത്തിൽ പകർത്തും. കാലം ചെല്ലുമ്പോൾ ആ ചൊല്ല് പഴഞ്ചൊല്ലായി മാറും. കഴിഞ്ഞയാഴ്ച നടന്ന അത്തരം ഒരു സംഭവത്തിൽ നിന്നുണ്ടായ പുതിയ പഴഞ്ചൊല്ലിനെപ്പറ്റിയാണ് പ്യാരി ഇവിടെ സൂചിപ്പിക്കുന്നത്.

• “തിരുവിതാംകൂർ മഹാരാജാവിന്റെ കയ്യിൽ നിന്ന് പുട്ടും കടലയും വാങ്ങിയ കുടുംബക്കാരാ” എന്ന ഡയലോഗ് രാജഭരണകാലത്ത് നടന്ന കഥയാണിതെന്ന് സൂചിപ്പിക്കുന്നു. അത് പഴയ ചരിത്രമാണെന്ന് UBP മേനോൻ പറയുന്നേയില്ല. ആയിടയ്ക്ക് നടന്നതാണെന്ന് വ്യക്തം.

• അക്കാലത്ത് കണിശമായി നിലനിന്നിരുന്ന ജാതി വിവേചനത്തെപ്പറ്റി പല സൂചനകളും കഥയിലുണ്ട്. ഇവിടെയാണ് പ്യാരിയുടെ പ്രസക്തി. കാരണം ഇതിൽ പലതും പ്യാരിയെ ചുറ്റിപ്പറ്റിയാണ്. ഓരോന്നായി വിശകലനം ചെയ്യാം.

# ജാതിവ്യവസ്ഥയിൽ താഴ്ന്നവനായിരുന്നു പ്യാരി. കുലത്തൊഴിലായ പാചകവൃത്തിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അതിന്റെ അപകർഷതകൾ അദ്ദേഹത്തിന് നന്നായി ഉണ്ടായിരുന്നു. അതേ തൊഴിൽ ചെയ്യുന്ന രാമൻകുട്ടിയും കുടുംബവും രാജാവിനെ തീറ്റിച്ച് മണിയടിച്ച് പട്ടും വളയും വാങ്ങി ഉന്നതരായിരിക്കുന്നു, അതേ സമുദായത്തിൽപ്പെട്ട പ്യാരി അടക്കമുള്ളവരെ അടിമകളാക്കി വെക്കാൻ അവർ മുതിരുന്നു (പഴയകാല കേരളചരിത്രത്തിൽ സമാനമായ പല സംഭവങ്ങളും ഉണ്ട് ). നേരത്തെ സൂചിപ്പിച്ച പഴഞ്ചൊല്ല് രംഗത്തിൽ “നമ്മൾ നമ്പൂതിരിമാരാണെന്ന് വിചാരിച്ചോട്ടെ” എന്ന് പ്യാരി പറയുന്നുണ്ട്. എല്ലായിടത്തുനിന്നും ജാതി അധിക്ഷേപങ്ങൾ നേരിടേണ്ടിവരുന്ന പ്യാരിയെ അപ്രതീക്ഷിതമായി കല്യാണത്തിന് മുഹൂർത്തം കുറിക്കാൻ രാമൻകുട്ടി കൂടെ കൊണ്ടുപോയപ്പോൾ വീണുകിട്ടിയ ആ പ്രിവിലേജ് പ്യാരി ശരിക്കും ഉപയോഗിക്കുകയാണ് പ്രസ്തുത ഡയലോഗിലൂടെ.

(തീർച്ചയായും അക്കാലത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു അയാൾ. ജാതീയമായ വേർത്തിരിവുകളും ദാരിദ്ര്യവും പ്യാരിക്ക് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. കയ്യിൽ കാശുള്ള സമ്പന്നന് ഒരിക്കലും ഓർക്കേണ്ടതില്ലാത്ത പെട്രോളിന്റെയും ഡീസലിന്റെയും വില ചില്ലറക്കണക്കുകൾ സഹിതം പ്യാരിയുടെ കയ്യിലുണ്ട്. ഒരിക്കലും വിലകൂടിയ ബാത്ടബ്ബിൽ കുളിക്കാൻ തനിക്ക് സാധിക്കില്ലെന്ന് അറിയാവുന്ന അദ്ദേഹം ബിരിയാണിച്ചെമ്പ്‌ ബാത്ടബ്ബാക്കി ശരിക്കും ആഘോഷിക്കുന്നുണ്ട്.)

# പന്തിയിൽ വെച്ച് അപ്പുറത്തിരുന്നയാൾ “പാചകക്കാരനാണല്ലേ” എന്നുചോദിച്ചപ്പോൾ പ്യാരിയുടെ മനസ്സ് ശരിക്കും വേദനിച്ചു. കൂട്ടുകാരന്റെ കല്യാണത്തിന് അത്യധികം സന്തോഷത്തോടെ ആദ്യത്തെ ട്രിപ്പിൽത്തന്നെ ഉണ്ണാനിരിക്കുമ്പോളാണ് അങ്ങനെയൊരു അധിക്ഷേപം. ഇരച്ചുവന്ന രോഷം മുഴുവൻ “അല്ലെടോ എറണാകുളം ജില്ലാ കളക്ടറ്. മിണ്ടാതെ കുത്തിക്കേറ്റടോ.” എന്ന പ്രതികരണത്തിലൂടെ പ്യാരി പ്രകടിപ്പിക്കുന്നു.

# എല്ലാ സവർണ ആചാരങ്ങളോടും മിത്തുകളോടും പ്യാരിക്ക് പരമ പുച്ഛമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അതിനെ പരിഹസിക്കാൻ പ്യാരി മടിച്ചിരുന്നില്ല. ഇത് പ്രകടമാവുന്ന ചില അവസരങ്ങൾ:

– “ഇതിപ്പോ ശിവന്റെ മുടിവെട്ടാൻ വന്ന ബാർബറെ കഴുത്തിൽ കിടന്ന പാമ്പ് കടിച്ചോടിച്ച പോലെയായല്ലോ.” എന്ന ഡയലോഗ്.

– ഹനുമാന്റെ വേഷം കെട്ടി നിൽക്കുന്ന ചങ്കിന്റെ കയ്യിൽ ചപ്പുചവറ് വള്ളിച്ചെടി വെച്ചുകൊടുത്തിട്ട് ‘മരുത്തൻ മല, മൃതസഞ്ചി’ എന്നൊക്കെ പരിഹസിക്കുന്നു.

– രാമൻകുട്ടി ഹനുമാന്റെ വേഷം കെട്ടിയാടുന്നതിനോട് പ്യാരിക്ക് പ്രകടമായ എതിർപ്പുകൾ വേറെയുമുണ്ട്. അതിനായി ബണ്ണ് എന്ന ഭക്ഷണസാധനം വേസ്റ്റാക്കുന്നതിനോടും പ്യാരിക്ക് യോജിക്കാൻ പറ്റുന്നില്ല. രാമൻകുട്ടിയുടെ ഹനുമാൻ ആദ്യം ചീറ്റിപ്പോയപ്പോൾ പ്യാരി ചെയ്തത് ബാക്കി ബണ്ണെടുത്ത് തിന്നുകയായിരുന്നു. പിന്നീട് രാമൻകുട്ടി തിരികെവന്ന് ബണ്ണ് ചോദിച്ചപ്പോൾ മൂക്കുചീറ്റിയ ടവ്വൽ കൊടുത്ത് പണിയുന്നുണ്ട് പ്യാരി. ഇനിതൊട്ട് ബണ്ണ് വേണ്ട ടവ്വൽ മതി എന്ന കണ്ടെത്തലിലും പ്യാരി ഹാപ്പിയാണ്. (ഈ പരിപാടിയുടെ തൊട്ടുമുൻപ് അനൗൺസ് ചെയ്യുന്ന പ്യാരി ആദ്യം സ്വരമൊന്ന് പോളിഷ് ചെയ്ത് “സഹൃദകൃത്യാവായ നാട്ടുകാരേ” എന്ന് എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. പെട്ടെന്നാണ് അദ്ദേഹം സ്വത്വബോധം വീണ്ടെടുക്കുന്നത്. ഈ സവർണ കോമാളിത്തരത്തിന് അനൗൺസ് ചെയ്യാൻ എന്തിനാണ് തന്റെ ഐഡന്റിറ്റി മറച്ചുവെക്കുന്നത് എന്ന വീണ്ടുവിചാരത്താൽ പ്യാരി പ്യാരിയായി മാറുന്നു, “ആരംഭിക്കാണ് ട്ടോ കൂയ്.” എന്ന് പൊളിച്ചെടുക്കുന്നു.)

– വധൂവരന്മാരുടെ ജാതകങ്ങൾ തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് ഉഡായിപ്പിറക്കുന്ന ജ്യോത്സ്യന്റെ കയ്യിൽ നൂറുരൂപ വെച്ചുകൊടുത്ത് “ഇപ്പൊ എല്ലാം ശരിയായില്ലേ” എന്ന് പരിഹാസരൂപേണ പറഞ്ഞു പ്രശ്നം പരിഹരിക്കുന്ന പ്യാരി. പ്യാരിക്കറിയാം അത് അത്രയേയുള്ളൂ എന്ന്.

– ‘ഒരാത്മാവിനെയും ജെട്ടിയിട്ടു പോവാൻ അനുവദിക്കില്ല’ എന്ന നിലപാട്. ഒരു ശവത്തിനെ വിലകൂടിയ വസ്ത്രങ്ങളണിയിച്ച് വെറുതെ കത്തിച്ചുകളയുന്ന പ്രിവിലേജഡ് ഏർപ്പാടിനോട് പ്യാരിക്കുള്ള എതിർപ്പാണിത്. ഉണ്ണാനും ഉടുക്കാനുമില്ലാത്ത സഹോദരങ്ങളെയായിരിക്കും പ്യാരി ഓർത്തിരിക്കുക. അതുമായി ബന്ധപ്പെട്ട തർക്കത്തിൽ തന്റെ തൊഴിലുടമയായ രാമൻകുട്ടിയോട് ജോലി പോയാലും വേണ്ടില്ലെന്ന ലെവലിൽ നന്നായി വാദിക്കുന്നുണ്ട് പ്യാരി.

# ഒരു വിവാഹത്തിന് വേണ്ടി ചെലവാക്കുന്ന അത്യാഡംബരത്തിൽ പ്യാരിക്ക് അമർഷമുണ്ട്. അനാവശ്യമായി പണം ചെലവഴിച്ച് നടത്തുന്ന അലങ്കാരപ്പണിയെ ‘അലങ്കോലപ്പണി’ എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. അതുകേട്ട് പരിഹസിച്ച പോഞ്ഞിക്കരയോട് താൻ കൊളോക്കിയലായി പറഞ്ഞതാണെന്ന് ഉറച്ച ശബ്ദത്തിൽ മറുപടി പറയുന്നുണ്ട്.

# ഇത്രയും വലിയ വ്യക്തിത്വത്തിന് ഉടമയായിട്ടും ചെറുപ്പത്തിൽ വിദ്യാഭ്യാസം നേടാൻ പ്യാരിക്ക് കഴിഞ്ഞിരുന്നില്ല. വെൽക്കം എന്നെഴുതാൻ സാധിക്കാതെ അയാൾ പരാജയപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ ‘അവന്റെ വിദ്യാഭ്യാസമില്ലായ്‌മ കൊണ്ട് പറയുന്നതാണെ’ന്ന് മണ്ടനായ പോഞ്ഞിക്കര പോലും പരിഹസിക്കുന്നുണ്ട്. അക്കാലത്ത് വിദ്യ നേടുന്നതിൽ നിലനിന്നിരുന്ന വിവേചനമായിരിക്കാം പ്യാരിക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതിരിക്കാൻ കാരണം. പക്ഷേ പ്യാരി നന്നായി ശ്രമിക്കുന്നുണ്ട്, ‘സംസാരിക്കാൻ കഴിയാത്ത അന്ധ’, ‘ദ റ്റു ഫാമിലീസ് ആർ അറ്റാച്ഡ് ഇൻ ദ ബാത്റൂം’, കലക്കുന്നതിന് ‘അബോർഷൻ ചെയ്യുക’ തുടങ്ങിയ പ്രയോഗങ്ങൾ പ്യാരി വൈകിയാണെങ്കിലും ഭാഷയിലെ പ്രാഥമിക പാഠങ്ങൾ പഠിച്ചുതുടങ്ങിയതിന്റെ സൂചനകളാണ്.

# മുത്തശ്ശന്റെ ‘കിണ്ടി തെക്കോട്ട് തിരിച്ചുവെക്കാൻ പാടില്ല’ എന്ന വരട്ടുതത്വത്തെ കേട്ടത് തെറ്റിപ്പോയതാണെന്ന് വരുത്തി നൈസായിട്ട് തേച്ചൊട്ടിക്കുന്ന പ്യാരി. വരേണ്യ കാരണവന്മാരുടെ ന്യായവാദങ്ങൾക്ക് മുഖത്തു കിട്ടുന്ന അടിയാണിത്. അതാകട്ടെ ‘ക്ലാസിക്ക്’ എന്നുവിശേഷിപ്പിക്കാവുന്ന ഒരു പ്രതികരണമായിരുന്നു.

# കല്യാണവീട്ടിൽ പുഷ്പിക്കാൻ ഇഷ്ടംപോലെ പെൺകുട്ടികൾ കാണുമായിരുന്നിട്ടും ഭവാനിയെന്ന പാവംപിടിച്ച സ്ത്രീയിലേക്കാണ് പ്യാരിയുടെ കണ്ണ് പോയത്. മുത്തശ്ശൻ ഇടപെട്ട് തുടക്കത്തിലേ കൊളമാക്കിയിരുന്നില്ലെങ്കിൽ തീർച്ചയായും പ്യാരി അവരെ വിവാഹം ചെയ്തേനെ.

# കല്യാണപ്പെണ്ണ്‌ ബോധംകെട്ട് ആ വീട്ടിലുണ്ടായിരുന്ന സകലരും അങ്ങോട്ട് ചെന്നപ്പോൾ പോവാതിരുന്ന ഒരേ ഒരാൾ പ്യാരി ആയിരുന്നു. നാട്ടിൽ നടക്കുന്ന വയലൻസും അക്രമവും പ്യാരിയുടെ ഉറക്കം കെടുത്തിരിയിരുന്നു. അത്തരം സന്ദർഭങ്ങളിൽ ഇടപെടേണ്ടിവരുന്ന ആംബുലൻസ് ഡ്രൈവറോട് അതിനെക്കുറിച്ച് സംസാരിച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. ‘ഓട്ടം കിട്ടാറുണ്ടോ’, ‘ഡെഡ്ബോഡി ഉണ്ടാകാറുണ്ടോ’ എന്നൊക്കെയാണ് പ്യാരി ചോദിക്കുന്നത്.

പ്യാരി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചവർ ഒരു കാലത്തെ സാമൂഹികാവസ്ഥകളെപ്പറ്റി അവിടവിടെ ഒളിപ്പിച്ചുവെച്ച സൂചനകളിൽ ചിലത് മാത്രമാണിത്. കൂടുതൽ കണ്ടെത്താൻ പലർക്കും സാധിക്കും. എത്ര മനസ്സിലാക്കിയാലും തീരാത്തതാണ് പ്യാരിയുടെ വ്യക്തിത്വം. ശരിക്കുമൊരു മഹാത്മാവ് തന്നെയാണ് പ്യാരി. തീപ്പിടുത്തമുണ്ടായ രംഗത്തിൽ നിറകണ്ണുകളോടെ കാണപ്പെടുന്ന പ്യാരിയെ ശേഷം സിനിമയിൽ കണ്ടതായി ഓർക്കുന്നില്ല. ആ സംഭവത്തോടെ മനം മടുത്ത് എങ്ങോട്ടോ പോയതാവണം അദ്ദേഹം.

(മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിൽ ജവാദ് കെഎം എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here