പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതി; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതിയില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേല്‍പാല നിര്‍മാണത്തില്‍ ഉദ്യോഗസ്ഥതലത്തിലാണ് അഴിമതി നടന്നതെന്ന നിലപാടിലാണ് യുഡിഎഫ്.

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടിഒ സൂരജടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.  പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ ഏതന്വേഷണത്തേയും യുഡിഎഫ് സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തണം. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍, പാലം പൊളിക്കാനുള്ള തീരുമാനത്തെയും അന്വേഷണത്തെയും എതിര്‍ക്കാത്ത നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മേല്‍പാലത്തിന്റെ തകര്‍ച്ചയില്‍ പ്രതിരോധത്തിലായതോടെ രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കാന്‍ യുഡിഎഫ് മടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

അതേസമയം, മേല്‍പാല നിര്‍മാണ അഴിമതിക്കേസിലെ പ്രതികളായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്, ആര്‍ബിസിഡികെ മുന്‍ എജിഎം എംടി തങ്കച്ചന്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട് ഉടമ സുമിത് ഗോയല്‍ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ജാമ്യാപേക്ഷയില്‍ കോടതി വിജിലന്‍സിന്റ നിലപാട് തേടി. കേസ് നാളെ പരിഗണിക്കും. കഴിഞ്ഞ മാസം 30 ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ മുവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കിറ്റ്‌കോ സൂപ്പര്‍വൈസര്‍ ഭാമ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top