യുഎൻഎ സാമ്പത്തിക ക്രമക്കേട്; ജാസ്മിൻ ഷായ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ലുക്കൗട്ട് സർക്കുലർ
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിൽ യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉൾപ്പെടെയുള്ള നാല് പ്രതികൾക്കെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സർക്കുലർ ഇറക്കി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലുമാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുന്നത്. നിലവിൽ വിദേശത്തുള്ള പ്രതികൾ രാജ്യത്തെവിടെയങ്കിലും എയർപോർട്ടിൽ ഇറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുഎൻഎ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ജാസ്മിൻഷായുടെ ഭാര്യ ഷബ്നയെ ക്രൈംബ്രാഞ്ച് പ്രതിചേർക്കുകയും ചെയ്തിരുന്നു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷബ്നയുടെ അക്കൗണ്ടിലേക്ക് യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരിൽ തൃശൂരിൽ നാല് ഫ്ളാറ്റുകൾ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്ളാറ്റ് യുഎൻഎ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here