കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ജാതി വിവേചനം; അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ജാതി വിവേചനത്തിൽ ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു. ബോട്ടണി വിഭാഗം അധ്യാപികയായ ഡോക്ടർ ഷമീനയ്‌ക്കെതിരെയാണ് നടപടി. സിന്റിക്കേറ്റ് നിയോഗിച്ച സമിതി വിദ്യാർത്ഥികളുടെ പരാതി അന്വേഷിക്കും.

ജാതി വിവേചനത്തെ തുടർന്ന് അധ്യാപികക്ക് കീഴിൽ ഗവേഷണം നടത്തുന്ന നാല് വിദ്യാർത്ഥികളും ഒരുമിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സമരവും നടത്തി. ഇതിനെ തുടർന്നാണ് വിസിയുടെ തീരുമാനം. മുഴുവൻ പരാതികളും അന്വേഷിക്കാൻ ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലാണ് സിന്റിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

എന്നാൽ,അധ്യാപികയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആദ്യം ആവശ്യമംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും സമരം ശക്തമായതോടെ അധ്യാപികയോട് അവധിയിൽ പോകാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ഗുരുതരമായ ജാതിവിവേചന ആരോപണമാണ് ബോട്ടണി വിഭാഗം അധ്യാപികക്കെതിരെ ഉയർന്നത്. സമാനമായ ആരോപണമുയർന്ന മലയാള വിഭാഗം തലവൻ ഡോ. എൽ തോമസ് കുട്ടിയോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top