ഇറാനിൽ വനിതകളെ സ്റ്റേഡിയത്തിൽ കയറ്റുന്നത് ഫിഫ ഉറപ്പാക്കുമെന്ന് പ്രസിഡന്റ്

ഇറാനിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വനിതകളെ കയറ്റുന്നത് ഫിഫ ഉറപ്പാക്കുമെന്ന് പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റീനോ. ഇറാൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വനിതകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇറാൻ ആരാധിക മരണപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇറക്കിയ പത്രക്കുറിപ്പിലാണ് ഫിഫ നിലപാട് വ്യക്തമാക്കിയത്.

ഇറാൻ ഫുട്ബോൾ അധികൃതരുമായി ചർച്ച നടത്തുമെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ശക്തമായ നിലപാടറിയിച്ച് ഫിഫ രംഗത്തു വന്നത്. വരുന്ന ലോകകപ്പ് ക്വാളിഫയർ മുതൽ സ്ത്രീകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നുവെങ്കിലും അതിൽ ഉറപ്പ് ലഭിച്ചിരുന്നില്ല. പലതവണ ഇറാൻ പ്രതിനിധികളുമായി ബന്ധപ്പെട്ടെന്നും ഇതുവരെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇൻഫൻ്റീനോ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

‘ഇക്കാര്യവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വേണമെന്നറിയാം. പക്ഷേ, വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇറാൻ്റെ അടുത്ത ഹോം മത്സരത്തിനു മുന്നോടിയായി കാര്യത്തിൽ തീരുമാനം ഉണ്ടാവണം.’- പത്രക്കുറിപ്പിൽ പറയുന്നു.

അതേ സമയം, ഭരണകൂടത്തിൻ്റെ നിലപാടിനെതിരെ ഇറാനിൽ കടുത്ത പ്രതിഷേധങ്ങൾ നടക്കുകയാണ്. ഷോപ്പിംഗ് മാളുകളിലെ കൂറ്റൻ ഫുട്ബോൾ സ്ക്രീനുകൾക്ക് മുന്നിൽ സ്ത്രീകൾ കൂട്ടമായി മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ഇറാൻ നിയമത്തെ മറികടന്ന്, സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ ഇറാനിയൻ യുവതി സഹർ മരണത്തിനു കീഴടങ്ങിയത്. മത്സരം കാണാനെത്തിയതിനെത്തുടർന്ന് അറസ്റ്റിലാവുകയും അതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തുകയും ചെയ്തതാണ് മരണ കാരണം.

ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്.

ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീക്കൊളുത്തുകയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top