ധോണിയുടെ സമയമായി; അദ്ദേഹം വിരമിക്കണമെന്ന് സുനിൽ ഗവാസ്കർ

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ധോണിയുടെ സമയമെത്തിയെന്നും അദ്ദേഹം വിരമിക്കുന്നതാണ് നല്ലതെന്നുമാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ദേശീയ മാധ്യമമായ ആജ് തകിനു നൽകിയ അഭിമുഖത്തിലാണ് ഗവാസ്കർ നിലപാടറിയിച്ചത്.
“അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെയാണ് ഇങ്ങനെ പറയുന്നത്. ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഇന്ത്യ മുന്നോട്ട് ചിന്തിക്കുകയാണ് ഇനി ചെയ്യേണ്ടത്. ടീമില്‍ നിന്നും മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം.”- ഗവാസ്കർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ധോണിയെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ഇതിനു വഴിവച്ചത്. വിരമിക്കലിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ ധോണി വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുകയായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയും റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here