ഇസ്താംബൂളിലെ ചുവരിൽ 440 ജോഡി ഷൂസ്; വ്യത്യസ്ത പ്രതിഷേധം ലോകശ്രദ്ധ നേടുന്നു

തുർക്കിയിലെ ഇസ്താംബൂൾ പട്ടണത്തിൻ്റെ ഹൃദയഭാഗത്ത്, ഒരു വലിയ കെട്ടിടത്തിൻ്റെ ചുവരിൽ കറുത്ത നിറത്തിലുള്ള 440 ജോഡി ഹൈ ഹീൽ ഷൂസുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു പ്രതിഷേധത്തിൻ്റെ ഭാഗമാണ്. ഇത്രയധികം സ്ത്രീകളെയാണ് കഴിഞ്ഞ ഒരു വർഷം മാത്രം തുർക്കിയിലെ ഭർത്താക്കന്മാരും ബന്ധുക്കളും ചേർന്ന് കൊന്നു തള്ളിയത്. ഇതിനെതിരെയാണ് പ്രതിഷേധം.
തുർക്കിയിലെ അറിയപ്പെടുന്ന കാപ്പി, ചോക്കളേറ്റ് നിർമ്മാതാക്കളാണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിലെ ബുദ്ധി. കഴിഞ്ഞ വർഷം രാജ്യത്ത് കൊല്ലപ്പെട്ട 440 വനിതകൾക്കായി ഇത് സമർപ്പിക്കുന്നു എന്ന് അവർ പറയുന്നു. “തുർക്കിയിലെ ജനങ്ങൾക്ക് ഇത് വലിയ ദുഖവും പ്രതിഷേധവും ഉണ്ടാക്കുന്നുണ്ട്. ഈ കലാരൂപത്തിൽ മറ്റൊരു വിധത്തിലുള്ള അലങ്കാരങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ഇത് ജനങ്ങളുമായി നേരിട്ട്, എളുപ്പത്തിൽ സംവദിക്കും”- ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പ്രതികരിക്കുന്നു.
ഈ വർഷം ഇതുവരെ 285 സ്ത്രീകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ജൂലായിൽ 31 പേരും ഓഗസ്റ്റിൽ 49 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച 80 വയസ്സുള്ള വയോധികയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഒരാൾ പൊലീസ് പിടിയിലായിരുന്നു. 58കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ആളായിരുന്നു പ്രതി.
സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ രാജ്യത്ത് വർധിച്ച് വരികയാണ്. ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഏറെ വൈകാതെ ഇത്തരം കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here