ഇന്ത്യ- ദക്ഷിണാഫ്രിക്ക; മൂന്നാം ടി-20 ഇന്ന്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രാത്രി 7 മണിക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലാണ്.

ആദ്യ മത്സരം മഴ മുടക്കിയപ്പോൾ രണ്ടാമത്തെ പോരാട്ടം ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ അർദ്ധസെഞ്ചുറിയുടെ ചിറകിലേറി ജയം കുറിച്ച ഇന്ത്യ ഈ മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനിറങ്ങുകയാണ്. അതേ സമയം, കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് പ്രോട്ടീസിൻ്റെ ലക്ഷ്യം.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. വാഷിംഗ്‌ടൺ സുന്ദർ, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, നവ്‌ദീപ് സെയ്നി, ഖലീൽ അഹ്മദ്, രാഹുൽ ചഹാർ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങളുള്ളത്.

മറുവശത്ത്, ഫാഫ് ഡുപ്ലെസിസിൽ നിന്നും ക്വിൻ്റൺ ഡികോക്കിക്ക് നായക സ്ഥാനം ഏറ്റെടുത്തതിനൊപ്പം ദക്ഷിണാഫ്രിക്കയും പുതുമുഖങ്ങളെയാണ് പരീക്ഷിച്ചിരിക്കുന്നത്. വാൻ ഡർ ഡസൻ, റീസ ഹെൻറിക്സ്, തെംബ ബവുമ, ജൂനിയർ ദാല തുടങ്ങി നിരവധി യുവാക്കൾ പ്രോട്ടീസ് നിരയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top