ലിന്റോയ്ക്ക് ജയസൂര്യ കരുതിവച്ച ‘സർപ്രൈസ്’

നടൻ ജയസൂര്യയുടെ ജന്മദിനത്തിൽ സർപ്രൈസ് വീഡിയോ ഒരുക്കി വാർത്തകളിൽ ഇടം നേടിയ ആളാണ് തിരുവല്ല സ്വദേശിയായ ലിന്റോ കുര്യൻ. തന്നെ ത്രില്ലടിപ്പിച്ച ലിന്റോക്ക് വേണ്ടി ജയസൂര്യയും ഒരു സർപ്രൈസ് കരുതിവച്ചിരുന്നു. ലിന്റോക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രമായ തൃശൂർ പൂരത്തിന്റെ എഡിറ്റിംഗ് വിഭാഗത്തിൽ ഇടം നൽകിയാണ് ലിന്റോയെ ജയസൂര്യ ഞെട്ടിച്ചത്.
ജയസൂര്യയുടെ ക്ഷണം സ്വീകരിച്ച് ലിന്റോ മുംബൈയിൽ നിന്നും കൊച്ചിയിലെത്തി. ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജയസൂര്യയുമായുള്ള കൂടിക്കാഴ്ച അവിശ്വസനീയം എന്നായിരുന്നു ലിന്റോ ഫേസ്ബുക്കിൽ കുറിച്ചത്. ജയസൂര്യക്കൊപ്പമുള്ള ചിത്രവും ലിന്റോ പങ്കുവച്ചു.
ജയസൂര്യയുടെ സിനിമയിലേയും അഭിമുഖങ്ങളിലേയും രംഗങ്ങൾ കോർത്തിണക്കിയാണ് ലിന്റോ മാഷപ്പ് വീഡിയോകൾ തയ്യാറാക്കിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ജയസൂര്യയുടെ മകൻ അദ്വൈത് ലിന്റോയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ വീഡിയോ തയ്യാറാക്കി ലിന്റോ അദ്വൈതിന് അയച്ചു നൽകി. അദ്വൈത് വീഡിയോ ജയസൂര്യയെ കാണിക്കുകയും അദ്ദേഹമത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. ഇത് വൈറലായതോടെയാണ് ലിന്റോ താരമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here