Advertisement

ജമ്മു കശ്മീരിൽ കേന്ദ്രം ചെയ്തത് തെറ്റ് തിരുത്തലല്ല; വിമർശനവുമായി എം എ ബേബി

September 22, 2019
1 minute Read

ജമ്മു കശ്മീരിനോട് ബിജെപി സർക്കാർ ചെയ്തത് തെറ്റ് തിരുത്തലല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഒരു സംസ്ഥാനത്തെ യാതൊരു തത്വദീക്ഷയും കൂടാതെ വെട്ടിമുറിച്ച് കേന്ദ്രഭരണ പ്രദേശം ആക്കുക ആയിരുന്നു ലക്ഷ്യമെന്നും എം എ ബേബി ചൂണ്ടിക്കാട്ടി . ബഹ്റൈൻ പ്രതിഭ സംഘടപ്പിച്ച ചടയൻ ഗോവിന്ദൻ, അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനത്തിൽ ‘സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനേകതാ ബോധത്തെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഏകതാ ബോധം ശരിയല്ല. അമേരിക്കയിലടക്കം ലോകത്ത് ഒരിടത്തും ഇത് നിലനിൽക്കുന്നില്ലെന്ന് എം എ ബേബി പറഞ്ഞു. കശ്മീരിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് അവിടുത്തെ പ്രത്യേകാവകാശം. ഇന്ത്യയുടെ വൈവിധ്യത ഒട്ടേറെ തീരുമാനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഭരണഘടനാ ശിൽപ്പികൾ നന്നായി ചർച്ച ചെയ്ത് തീരുമാനിച്ച് നടപ്പിലാക്കിയവയാണ്. ഇന്ത്യൻ മതേതര, മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്താനാണ് ഭരണഘടന കശ്മീരിന് പ്രത്യേക പദവി നൽകിയത്. സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത ജനങ്ങൾ വസിക്കുന്ന പ്രദേശമായി ഇന്ത്യയിലെ പല ഭാഗങ്ങളും മാറിയിരിക്കുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയെ പുറത്തിറങ്ങാൻ പറ്റാത്തവിധം വീട്ടു തടങ്കലിലാക്കി. കേന്ദ്രസർക്കാർ നടപടിക്ക് ശേഷം കമ്മ്യുണിസ്റ്റുകാരാണ് ആദ്യമായി കശ്മീരിലേക്ക് പോയതും കാശ്മീരിൽ നിന്നും പുറത്തേക്ക് വന്നതെന്നും ബേബി പറഞ്ഞു.

ലോക സമ്പത്ത് വ്യവസ്ഥ അതിരൂക്ഷമായ മരവിപ്പ് ബാധിച്ച് കീഴ്‌പ്പോട്ടുപോകുകയാണ്. ഇന്ത്യൻ ഭരണാധികാരികൾ കൈക്കൊള്ളുന്ന നടപടികൾ ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയാക്കി. നോട്ടു പിൻവലിക്കൽ മൂലം ഇന്ത്യയിലെ ഉൽപാദന അനൗപചാരിക മേഖലകൾ ആകെ തകർന്നു. ജിഎസ്ടി നടപ്പിലാക്കിയത് മൂലം ഉണ്ടായ പ്രശ്‌നങ്ങൾ ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയെ മൂർച്ഛിപ്പിച്ചു. ഓട്ടോ മൊബൈൽ , ടെക്‌സ്‌റ്റൈൽ, കർഷക വ്യവസായ മേഖലകൾ ആകെ തകർന്നു. തൊഴിലില്ലായ്മ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ എത്തിയിരിക്കുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ നയങ്ങൾ കേരള സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും. എന്നാൽ ഇതിനെ മറികടക്കാൻ കേരള സർക്കാർ അസാധ്യമെന്ന് കരുതുന്ന നടപടികൾ പ്രാവർത്തികമാക്കുകയാണ്. കിഫ്ബി വഴി പണം ശേഖരിച്ച് കേരളത്തിലെ ഉല്പാദന പശ്ചാത്തല മേഖലകളെ ശക്തിപ്പെടുത്തുകയാണ് കേരള സർക്കാർ. ഇവിടെയാണ് രണ്ട് നയങ്ങൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top