പിഎസ്‌സി പരീക്ഷ തട്ടിപ്പ്; സമഗ്ര അന്വേഷണം അവശ്യപ്പെട്ട് കെഎസ്‌യു വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ സമഗ്ര അന്വേഷണം അവശ്യപ്പെട്ട് കെഎസ്‌യു വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലന്നും, ക്രൈംബ്രാഞ്ച് കൂട്ടിലിട്ട തത്തയാണെന്നും കെഎസ്‌യുആരോപിച്ചു.

കേസന്വേഷണം സിബിഐയോ സുതാര്യമായ അന്വേഷണ ഏജൻസിയോ ഏറ്റെടുക്കണമെന്നാവശ്യത്തിന്മേൽ ഉറച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുകയാണ് കെഎസ്‌യു. വിവാദമായ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന പ്രധാന ആരോപണം. പ്രതികൾക്ക് ചോദ്യപേപ്പർ എത്തിച്ച് നൽകിയത് ആരാണ് എന്നത് തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടില്ല.

പിഎസ്‌സി ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റി അധ്യാപക അനധ്യാപക, എസ്എഫ്‌ഐ ലോബികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് കെഎസ്‌യു ആരോപിക്കുന്നു. മാത്രമല്ല, കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും കാരണക്കാരനായ പിഎസ്‌സി ചെയർമാൻ എംകെ സക്കീറിനെതിരെ കേസെടുക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 25ന് പ്രതിഷേധസമരത്തിന് ആരംഭം കുറിക്കും. ധർണ്ണ, ഉപവാസം, പ്രതിഷേധ മാർച്ചുകൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top