പുരുഷന്മാരുടെ ഊഴം കഴിഞ്ഞു; ഇനി വനിതകൾ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാത്രി ഏഴു മണിക്ക് സൂററ്റിലാണ് മത്സരം നടക്കുക. സ്ഥിര സാന്നിധ്യങ്ങൾക്കു പുറമെ 15കാരിയായ ഷഫലി വർമയാണ് ഇന്ത്യൻ ടീമിലെ പുതുമുഖം. മിതാലി രാജിൻ്റെ അഭാവം കൊണ്ട് ശ്രദ്ധേയമാകുന്ന പരമ്പരയാകും ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന മിതാലി ടി-20കളിൽ നിന്നു വിരമിച്ചതിനു ശേഷമുള്ള ആദ്യ മത്സരമാണിത്.
കിയ സൂപ്പർ ലീഗിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്കു ശേഷം ടീമിലേക്ക് തിരികെയെത്തിയ ജെമീമ റോഡ്രിഗസാവും മത്സരത്തിലെ പ്രധാന ആകർഷണം. ഒപ്പം സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ, വേദ കൃഷ്ണമൂർത്തി, ഹർലീൻ ഡിയോൾ, ശിഖ പാണ്ഡെ, ദീപ്തി ശർമ്മ, പൂനം യാദവ്, അരുന്ധതി റെഡ്ഡി തുടങ്ങിയവരും ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കൻ നിരയിലും ഒരു പുതുമുഖമുണ്ട്. ലിസെൽ ലീ, ഷബ്നിം ഇസ്മായിൽ, മിഗ്നോൺ ഡുപ്രീസ്, നദീൻ ഡി ക്ലെർക്ക് തുടങ്ങിയവരും പ്രോട്ടീസ് നിരയിൽ അണിനിരക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here