മരണസാധ്യതയേറുന്ന കരിവീരൻമാർ: ഈ വർഷം ഇതുവരെ ചരിഞ്ഞത് 14 നാട്ടാനകൾ

കേരളത്തിലെ നാട്ടാനകളുടെ മരണനിരക്ക് വർധിക്കുന്നതായി അമിക്യസ്‌ക്യൂറി റിപ്പോർട്ട്. വിശ്രമമില്ലായ്മയും പീഡനവും ആണ് മരണ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 17 നാട്ടാനകൾ 2017ൽ ചരിഞ്ഞപ്പോൾ 2018ൽ മരണ നിരക്ക് കൂടി 34ൽ എത്തി.
ഈ വർഷം 14 നാട്ടാനകൾ ഇതുവരെ ചരിഞ്ഞെന്നും വിദഗ്ധ സമിതിയെ ഉദ്ധരിച്ച് അമിക്യസ്‌ക്യൂറി വ്യക്തമാക്കി.
ആനകളെ പീഡിപ്പിക്കുന്നത് തടയണമെന്നും നാട്ടാന പരിപാലനചട്ടം പാലിച്ച് എഴുന്നള്ളിക്കാൻ നിർദ്ദേശം നൽകണമെന്നുമാവശ്യപ്പെട്ട് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ഇടുക്കി ജില്ലാ സെക്രട്ടറി എം എൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് അമിക്യസ്‌ക്യൂറി റിപ്പോർട്ട് നൽകിയത്.
ആനകളുടെ തലപ്പൊക്കമത്സരം നിരോധിക്കണമെന്നും തുടർച്ചയായി നാലുമണിക്കൂറിൽ കൂടുതൽ ആനകളെ ഉപയോഗിക്കാൻ പാടില്ലെന്നും ശുപാർശ ചെയ്ത് സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം ഡോ. പി എസ് ഈസയും ഹൈക്കോടതിയുടെ നിർദ്ദേശാനുസാരം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്ന് ദിവസം എഴുന്നള്ളത്തിനും മറ്റും ഉപയോഗിച്ചാൽ നാലാം നാൾ വിശ്രമം നൽകണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here