പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഇന്ന്. വ്യാപാര കരാർ ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
ഹൗഡി മോദി പരിപാടി തീർത്ത അലയൊലികൾ അവസാനിക്കും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യൻ സമയം രാത്രി 9.45 നാണ് കൂടിക്കാഴ്ച. വിദേശകാര്യ വക്താവ് രവീഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ചർച്ചയുടെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കശ്മീർ വിഷയവും ഭീകരവാദവും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചയാവുമെന്നാണ് വിവരം. ഇന്നലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ന്യൂയോർക്കിൽ വെച്ച് നരേന്ദ്ര മോദിയെ കാണാൻ ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് മോദി ട്രംപിനോട് ആവർത്തിക്കാനാണ് സാധ്യത.
ഇന്ത്യക്ക് നൽകിയിരുന്ന വ്യാപാര മുൻഗണനാ പദവി റദ്ദാക്കിയ തീരുമാനം അമേരിക്ക പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ഉറപ്പ് ട്രംപ്, മോദിക്ക് നൽകിയേക്കും. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ പിൻവലിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കൾക്കുമിടയിൽ ചർച്ചയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here