Advertisement

ട്രംപിന്റെ ബിഗ് ബോസോ സ്‌ക്വിഡ് ഗെയിമോ? അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ഇനി റിയാലിറ്റി ഷോയില്‍ പങ്കെടുക്കണം; ഓരോ റൗണ്ടിലും കഠിന പരീക്ഷകള്‍

4 hours ago
4 minutes Read
Trump administration mulls reality TV show where contestants vie for citizenship

ഇതിനെ ട്രംപിന്റെ ബിഗ് ബോസെന്നോ ഹംഗര്‍ ഗെയിംസെന്നോ സ്‌ക്വിഡ് ഗെയിമെന്നോ വിളിക്കാം. സംഭവം ഒരു വന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്. ഹോസ്റ്റ് ചെയ്യുന്നത് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വകുപ്പായിരിക്കും. അത്യധികം ത്രില്ലിംഗായ പലവിധ റൗണ്ടുകളിലൂടെയാകും ഓരോ കണ്‍ടസ്റ്റന്റും കടന്നുപോകുക. പൊരുതിപ്പൊരുതി ഒടുവില്‍ അവശേഷിക്കുന്നവരുടെ കൈയിലേക്ക് ട്രംപ് സര്‍ക്കാര്‍ ഒരു വിശേഷപ്പെട്ട സമ്മാനം വച്ചുനീട്ടും. അത് മറ്റൊന്നുമല്ല അമേരിക്കന്‍ പൗരത്വമായിരിക്കും. ( Trump administration mulls reality TV show where contestants vie for citizenship)

കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ചതിന് ശേഷവും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നുണ്ടെങ്കില്‍ അതിന് ചില കഠിന പരീക്ഷകളിലൂടെ കടന്നുപോകണമെന്നാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം ആണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. കുടിയേറി എത്തുന്നവരുടെ മനോഭാവത്തിലും സ്വഭാവത്തിലും കഴിവിലുമെല്ലാം എത്രത്തോളം ‘അമേരിക്കത്വം’ഉണ്ടെന്നാണ് റിയാലിറ്റി ഷോ അളക്കുന്നത്. ദി അമേരിക്കന്‍ എന്ന് തന്നെയാകും ഷോയുടെ പേര്. കനേഡിയനായ എഴുത്തുകാരനും പ്രൊഡ്യൂസറുമായ റോബ് വോര്‍സോഫ് ഈ ഷോയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് ആസൂത്രണം ചെയ്ത് 36 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

Read Also: ‘കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം’; ഐവിന്റെ കുടുംബം

അമേരിക്കന്‍ സംസ്‌കാരം, അമേരിക്കന്‍ രീതികള്‍, രാജ്യസ്‌നേഹം മുതലായവയോട് കുടിയേറ്റക്കാര്‍ക്ക് എത്രത്തോളം ഇഴുകിച്ചേരാനാകുമെന്നാകും റിയാലിറ്റി ഷോയിലൂടെ പരീക്ഷിക്കുക. അമേരിക്കന്‍ സംസ്‌കാരത്തിന്റെ, അമേരിക്കന്‍ ജീവിതത്തിന്റെ ഒരു ആഘോഷമാക്കി പരിപാടിയെ മാറ്റുമെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിക്കുന്നത്.

അമേരിക്കന്‍ പൗരത്വമെന്ന ‘സോ കോള്‍ഡ്’നിധി തേടിയിറങ്ങുന്നവര്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍പ്പോയി ഓരോ പരീക്ഷണങ്ങളില്‍ വിജയിച്ച് വരേണ്ടതുണ്ട്. നാസയുടെ റോക്കറ്റ് അസംബ്ലിള്‍ ചെയ്‌തെടുക്കുന്നതും വിക്ഷേപിക്കുന്നതും ഉള്‍പ്പെടെയുള്ള വിവിധ കഠിന പരീക്ഷകളാകും നടക്കുക. ഓരോ ചാലഞ്ചുകളുടേയും രസകരമായ ദൃശ്യങ്ങള്‍ മാത്രം കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ നീണ്ട റിയാലിറ്റി ഷോ ആയിട്ടാകും പരിപാടി സംപ്രേക്ഷണം ചെയ്യുക.

നിക്ഷേപകര്‍ക്ക് മുന്നിലെ അഗ്നിപരീക്ഷയായ കാലിഫോര്‍ണിയയിലെ ഗോള്‍ഡ് റഷ് കോണ്‍ടെസ്റ്റിലും ചിലപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കേണ്ടി വരുമെന്ന് ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചിലപ്പോള്‍ ഒരു ഫോര്‍ഡ് മോഡല്‍ അസംബ്ലിള്‍ ചെയ്ത് കാണിച്ചുകൊടുക്കേണ്ടി വന്നേക്കാം. മിസോറിക്കും കന്‍സാസിനും ഇടയില്‍ ചിലപ്പോള്‍ കുതിര സവാരിയും ചെയ്യേണ്ടി വന്നേക്കാം.

‘സിറ്റിസണ്‍ ഷിപ്പ് ‘ എന്ന് പേരിട്ടിരിക്കുന്ന കപ്പലില്‍ കുടിയേറ്റക്കാര്‍ അമേരിക്കന്‍ മണ്ണില്‍ വന്നിറങ്ങുന്നതോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്കുള്ള പരമ്പരാഗത പ്രവേശന കേന്ദ്രമായ എല്ലിസ് ദ്വീപിലേക്കാണ് അവര്‍ വന്നിറങ്ങുക. കഠിന മത്സരങ്ങള്‍ ജയിച്ചുവരുന്നവര്‍ക്ക് അമേരിക്കന്‍ പൗരത്വം മാത്രമല്ല സമ്മാനം. യുഎസ് ക്യാപിറ്റോളിന്റെ പടവുകളില്‍ വച്ച് ഇവര്‍ക്ക് പൗരത്വം സ്വീകരിക്കാം. കൂടാതെ വിജയിക്ക് ഒരു മില്യണ്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് പോയിന്റുകളും ലഭിക്കും. തീര്‍ന്നില്ല 1000 ഡോളറിന്റെ സ്റ്റാര്‍ബക്‌സ് ഗിഫ്റ്റ് കാര്‍ഡും ആജീവനാന്തം സൗജന്യ ഗ്യാസോലിനും വിജയിച്ച പുതുപൗരന് സ്വന്തമാക്കാം. അമേരിക്കന്‍ പൗരത്വത്തിന് വേണ്ടി ഇത്ര കഷ്ടപ്പെടണോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ ഈ കഷ്ടപ്പാടൊക്കെ വെര്‍ത്ത് ഇറ്റ് എന്ന് തോന്നുന്നവര്‍ക്ക് ധൈര്യമായി അമേരിക്കയിലേക്കുള്ള ‘സിറ്റിസണ്‍ ഷിപ്പ്’ പിടിക്കാം.

Story Highlights : Trump administration mulls reality TV show where contestants vie for citizenship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top