പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ ആരോപണങ്ങൾ തെറ്റെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിജിലൻസ്. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാർക്ക് മുൻകൂട്ടി പണം നൽകിയതെന്ന ടി ഒ സൂരജിന്റെ ആരോപണമാണ് വിജിലൻസ് തള്ളിയത്. ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലൻസിന്റെ സത്യവാങ്മൂലം.

നിർമാണ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകിയത് ഇബ്രാഹിം കുഞ്ഞിന്റെ തീരുമാന പ്രകാരമാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഈ വാദം തെറ്റാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പലിശയില്ലാതെ മുൻകൂർ പണം നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടില്ല. പലിശ എത്രയെന്ന് തീരുമാനിച്ചത് ടി ഒ സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ 11 മുതൽ 14 ശതമാനം വരെ പലിശ നിരക്കിൽ പണമെടുക്കുന്ന ഘട്ടത്തിലാണ് നിർമാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കിൽ പണം നൽകാൻ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലൻസിന്റെ സത്യവാങ്മൂലം. എന്നാൽ പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ മറ്റ് ഇടപെടലുകൾ സൂക്ഷമമായി പരിശോധിച്ചുവരികയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top