ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകളിലാണ് ഇക്കാര്യം തീരുമാനമായത്. യു.എസ്. ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയിൽ ഇന്ത്യ മാറ്റങ്ങൾക്ക് വരുത്തും.
വ്യാപാര മുൻഗണന പദവി എടുത്ത് കളഞ്ഞ ശേഷം ചുങ്കരാജാവ് എന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയെ ട്രംപ് വിളിച്ചത്. എല്ലാ കാര്യങ്ങളും മുൻ വിധിയോടെ അല്ലാതെ പരിഗണിക്കാൻ തയ്യാറായ സുഹൃത്തെന്ന് ഒരു വർഷത്തിനിപ്പുറം ട്രംപ് അതിനെ തിരുത്തി. ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉടൻ യാഥാർത്ഥ്യമാകും എന്ന് സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിൽ നടന്ന ചർച്ചയിൽ നിരവധി സുപ്രധാന തിരുമാനങ്ങളാണ് പിറന്നത്. യു.എസ്. ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയിൽ ചില മാറ്റങ്ങൾ ഉപാധികളോടെ വരുത്താൻ ഇന്ത്യ തയ്യാറായി.
വ്യാപാര മുൻഗണനാ പദവി പുന:സ്ഥാപിക്കും എന്ന ഉറപ്പ് നൽകി ഇന്ത്യയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.
ഇറക്കുമതി തീരുവ വർധിപ്പിച്ചവയിൽ ക്ഷീര ഉത്പന്നങ്ങൾ അടക്കം കാർഷിക ഉത്പന്നങ്ങളുടെ അധിക തീരുവ കുറയ്ക്കാം എന്നും ഇന്ത്യ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും തീരുവ വർധിപ്പിച്ചതും പുനഃ പരിശോധിയ്ക്കും. ഇന്ത്യ അമേരിയ്ക്ക ബന്ധം എക്കാലത്തെയും മികച്ച നിലയിലാണ് എന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here