ടി.ഒ. സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

പാലാരിവട്ടം കേസിൽ മുവാറ്റുപുഴ ജയിലിൽ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ സംഘം ജയിലിലെത്തിയത്. ചോദ്യം ചെയ്യൽ ഒരു മണി വരെ നീണ്ടു. മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടി.ഒ.സൂരജിനെ ചോദ്യം ചെയ്തത്.
കരാറുകാരൻ സുമിത് ഗോയലിന് 8.25 കോടി മുൻകൂറായി കൈമാറിയത് സൂരജിന്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് താൻ പണം അനുവദിച്ചതെന്നായിരുന്നു ടി.ഒ.സൂരജിന്റെ മൊഴി. ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത നീക്കുക എന്നതും ചോദ്യം ചെയ്യലിൽ പെടുന്നുണ്ട്.
സുമിത് ഗോയലിന്റെ പേഴ്‌സണൽ ലാപ്‌ടോപ്പിൽ നിന്നും ലഭിച്ച പണമിടപാട് രേഖകളിൽ ടി.ഒ.സൂരജിന്റെ പേരുണ്ടെന്ന് സൂചനയുണ്ട്. കരാർ അനുവദിച്ചതിലടക്കം ടി.ഒ.സൂരജിന് നിർണായക പങ്കുണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. അതേസമയം ടി.ഒ.സൂരജിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലൻസ് വിളിപ്പിക്കുമെന്ന് വിവരമുണ്ട്. സുമിത് ഗോയലിന് ചില ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതിയിലടക്കം വിജിലൻസ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here