‘പാമ്പുകൾക്കെന്നല്ല ഏത് ജീവിക്കുംയഥേഷ്ടം കേറി വരാവുന്ന അവസ്ഥ; ഇവിടെയാണ് കഴിഞ്ഞ ദിവസം രണ്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചത്’; മുകയ കോളനിയുടെ ദുരവസ്ഥ തുറന്നുകാട്ടി കുറിപ്പ്

മുകയ കോളനിയിൽ താഴെ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച വിവരം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്. നമ്മുടെയെല്ലാം ഹൃദയത്തിൽ ഒരു മുറിപ്പാടായി മാറിയ ആ കുരുന്നു ബാലൻ താമസിക്കുന്ന പ്രദേശത്തിന്റെ ദുരവസ്ഥ തുറന്നുകാട്ടുകയാണ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്.

എൻമകജെ ഗ്രാമത്തിൽ നിന്നും പത്ത് കിലോമാറ്റർ അകലെയാണ് കജം പാടിയിലെ മുകയ കോളനി. പ്രദേശത്ത് 57 വീടുകളാണ് ഉള്ളത്. പാമ്പുകൾക്കെന്നല്ല ഏത് ജീവിക്കുംയഥേഷ്ടം കേറി വരാവുന്ന അവസ്ഥയാണ് അവിടെയുള്ളത്. ജില്ലയിലെ വലിയ അധികാരികളോ വലിയ നേതാക്കളോ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പഞ്ചായത്ത് വീട് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. കോളനിക് 100 മീറ്റർ അപ്പുറത്ത് ലക്ഷങ്ങൾ വിലവരുന്ന ഹൈമാസ് ലൈറ്റ് 3 കൊല്ലം മുമ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അത് പ്രവർത്തിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മരട് വിഷയവുമായി ബന്ധപ്പിച്ചായിരുന്നു കുറിപ്പ്. മരടുകൾ മാത്രമല്ല കേരളമെന്നും മുകയ കോളനിയിലെ പാവങ്ങളുടെ കേരളവുമുണ്ടെന്ന് അറിയണമെന്നും അംബികാസുതൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം :

രാത്രി വൈകി വീട്ടിലെത്തുമ്പോൾ ചാനലുകളിൽ മരട് ചർച്ച പൊടിപൊടിക്കുന്നു .വൈകിട്ടത്തെ കാഴ്ചകൾ അന്നേരം എന്നെ വീണ്ടും പൊള്ളിച്ചു. ഇരുട്ടുന്നത് വരെ എൻമകജെ ഗ്രാമത്തിലായിരുന്നു. അവിടെ നിന്നും വളഞ്ഞ് ചുറ്റി പത്ത് കിലോമീറ്ററെങ്കിലും പോയാൽ കജം പാടിയിലെ മുകയ കോളനിയിലെത്താം. ഈ വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് വയസുകാരനാണ് രണ്ടാഴ്ച മുമ്പ് പാമ്പ് കടിച്ച് മരിച്ചത്. ഇതേ പോലെ 57 വീടുകൾ ഈ കോളനിയിലുണ്ട്. ദശകങ്ങളായി താമസിക്കുന്നവരാണെങ്കിലും രേഖകളൊക്കെ ശരിയാവാനുണ്ടത്രെ. പരിസ്ഥിതി നിയമങ്ങളൊന്നും ഈ പാവങ്ങൾ ലംഘിച്ചിട്ടില്ല. പാമ്പുകൾക്കെന്നല്ല ഏത് ജീവിക്കുംയഥേഷ്ടം കേറി വരാവുന്ന അവസ്ഥയാണ്. ജില്ലയിലെ വലിയ അധികാരികളോ വലിയ നേതാക്കളോ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. പഞ്ചായത്ത് വീട് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടത്രെ. നടക്കുമോ എന്തോ? കോളനിക് 100 മീറ്റർ അപ്പുറത്ത് ലക്ഷങ്ങൾ വിലവരുന്ന ഹൈമാസ് ലൈറ്റ് 3 കൊല്ലം മുമ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം പോലും അത് കത്തിയിട്ടില്ലത്രെ! എന്നാലെന്താ ? വിളക്ക് കാലിൽ എംഎൽഎയുടെ പേര് ചക്ക വലിപ്പത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ അപ്പുറത്ത് 10 കൊല്ലം മുമ്പ് കെട്ടിപ്പൊക്കിയ ഹെൽത്ത് സെന്റർ. ഇന്ന് വരെ തുറന്ന് പ്രവർത്തിച്ചിട്ടില്ലത്രെ! ഇവരൊന്നും കേരള നിവാസികളല്ലെ? മരടുകൾ മാത്രമല്ല കേരളം .ഇങ്ങനെ കുറേ പാവങ്ങളുടെ കേരളവും ഉണ്ട് എന്ന് അറിയണം. തമ്പ്രാക്കന്മാർ ക്ഷമിക്കണം. ടെൻഷൻ കൊണ്ട് എഴുതിപ്പോയതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top