കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സൽമാൻ ഖാന് കോടതിയുടെ അന്ത്യശാസനം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് കോടതിയുടെ അന്ത്യശാസനം. നേരിട്ട് ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ജോധ്പുർ ജില്ലാ സെഷൻസ് കോടതി ജഡ്ജി ചന്ദ്രകുമാർ സോഗാര താക്കീത് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കോടതി വിധിച്ച അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്കെതിരെ സൽമാൻ നൽകിയ അപ്പീലിന്റെ വിചാരണയിലാണ് കോടതി താക്കീത് നൽകിയത്. കേസിന്റെ വിചാരണ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും സൽമാൻ ഖാൻ ഇതുവരെ കോടതി മുൻപാകെ നേരിട്ട് ഹാജരായിരുന്നില്ല. ഷൂട്ടിംഗ് തിരക്ക് കാരണം നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും ഇതിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സൽമാൻ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടാണ് ജഡ്ജി ചന്ദ്രകുമാർ സോഗാര താക്കീത് ചെയ്തത്. കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.
1998ൽ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്റെ സമയത്താണ് സൽമാനും സെയ്ഫ് അലി ഖാനും സോണാലി ബെന്ദ്രെയും ചേർന്ന് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. സൽമാനെതിരെ ബിഷ്ണോയ് സമൂഹം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഒക്ടോബർ 12ന് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here