Advertisement

‘ഗുരുവായൂരിൽ ഒരു ജംഗ്ഷനിൽ നിന്ന് രക്ഷപ്പെട്ട് വരുന്നവർ ആക്‌സിലേറ്ററിൽ കാൽവെയ്ക്കും മുമ്പ് മറ്റൊരു ജംഗ്ഷനിലെ കുരുക്കിൽ പെടുന്നു’; ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാര മാർഗങ്ങൾ നിർദേശിച്ച് ഫേസ്ബുക്ക് കുറിപ്പ്

September 26, 2019
Google News 1 minute Read

യാത്രക്കാരെ വലയ്ക്കുന്ന ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിലെ ഗതാഗത കുരുക്കിനെ കുറിച്ച് മാധ്യമപ്രവർത്തകൻ മനേഷ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ചർച്ചയാകുന്നു.

ചാവക്കാട് -ഗുരുവായൂർ -കുന്നംകുളം – പൊന്നാനി എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷൻ എന്നതല്ല ഈ തിരക്കിന്റെയും കുരുക്കിന്റെയും യഥാർത്ഥ കാരണമെന്ന് പോസ്റ്റിൽ പറയുന്നു. കേവലം അഞ്ചോ പത്തോ മീറ്റർ വ്യത്യാസത്തിൽ 2 ജംഗ്ഷനുകളാണ് പ്രദേശത്തുള്ളത്. ചാവക്കാട്, ഗുരുവായൂർ റോഡുകളും കിഴക്കുഭാഗത്തുനിന്നുള്ള റോഡും ചേരുന്ന ഒരു ജംഗ്ഷനും, കുന്നംകുളം പൊന്നാനി റോഡുകളും പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള റോഡും ചേരുന്ന മറ്റൊരു ജംഗ്ഷനും. ഒരു ജംഗ്ഷനിൽ നിന്ന് രക്ഷപ്പെട്ട് വരുന്നവർ ആക്‌സിലേറ്ററിൽ കാൽവെയ്ക്കും മുമ്പ് മറ്റൊരു ജംഗ്ഷനിലെ കുരുക്കിൽ പെടുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

യാത്രക്കാരെ നട്ടംതിരിക്കുന്ന ഈ ഗതാഗത കുരുക്ക് അഴിക്കാനുള്ള നിർദേശങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഏറെ ഗൗരവപൂർവ്വം ചർച്ചചെയ്യപ്പെടുകയാണ്. രണ്ട് പൊലീസുകാർ ഡ്യൂട്ടിക്കുണ്ടായിട്ടുപോലും അഴിയാത്ത കുരുക്കാണിവിടെ പലപ്പോഴും. ക്ഷേത്രത്തിൽ തിരക്കുള്ള ദിവസങ്ങളോ അവധി ദിവസങ്ങളോ ആണെങ്കിൽ പറയുകയും വേണ്ട. കുരുക്കിന് പരിഹാരമായി ഫ്‌ളൈഓവർ ബ്രിഡ്ജ് ഭരണാധികാരികളുടെ പരിഗണനയിൽ നേരത്തെ ഉള്ളതാണ്. എൽഡിഎഫിന്റെ പ്രകടന പത്രികയിലും അതുണ്ട് എന്നാണ് ഓർമ്മ. എന്നാൽ വിഷയത്തെ അൽപം കൂടി ശാസ്ത്രീയമായി പരിഗണിച്ചാൽ മമ്മിയൂരിലെ ഗതാഗത കുരുക്കിന്റെ യഥാർത്ഥ കാരണം തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കും.

ചാവക്കാട് ഗുരുവായൂർ കുന്നംകുളം പൊന്നാനി എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷൻ എന്നതല്ല ഈ തിരക്കിന്റെയും കുരുക്കിന്റെയും യഥാർത്ഥ കാരണം. ഈ മാപ്പിൽ കാണും പോലെ കേവലം അഞ്ചോ പത്തോ മീറ്റർ വ്യത്യാസത്തിൽ 2 ജംഗ്ഷനുകൾ ഇവിടെയുണ്ട് എന്നതാണത്. അതായത് ചാവക്കാട്, ഗുരുവായൂർ റോഡുകളും കിഴക്കുഭാഗത്തു നിന്നുള്ള റോഡും ചേരുന്ന ഒരു ജംഗ്ഷനും, കുന്നംകുളം പൊന്നാനി റോഡുകളും പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള റോഡും ചേരുന്ന മറ്റൊരു ജംഗ്ഷനും. ഒരു ജംഗ്ഷനിൽ നിന്ന് രക്ഷപ്പെട്ട് വരുന്നവർ ആക്‌സിലേറ്ററിൽ കാൽവെയ്ക്കും മുമ്പ് മറ്റൊരു ജംഗ്ഷനിലെ കുരുക്കിൽ പെടുന്നു. ഒരു ജംഗ്ഷനിൽ രൂപപ്പെടുന്ന കുരുക്ക് അടുത്ത ജംഗ്ഷനിലും, തിരിച്ചും, അഴിയാകുരുക്കിന് കാരണമാകുന്നു എന്നതാണ് സത്യം.

ഏതാണ്ട് ഏതിർദിശകളിലായി വരുന്ന ഗുരുവായൂർ റോഡിനേയും പൊന്നാനി റോഡിനേയും നേർരേഖയിലാക്കിയാൽ ഈ പ്രശ്‌നം പരിഹരിക്കാനാകും. ജംഗ്ഷനോടടുത്തെത്തുന്ന ഗുരുവായൂർ റോഡിനെ അൽപം കിഴക്കോട്ടും പൊന്നാനി റോഡിനെ അൽപം പടിഞ്ഞാറോട്ടും നീക്കാൻ സാധിച്ചാൽ നിലവിലുള്ള രണ്ട് ജംഗ്ഷനുകളെ ഒറ്റ ജംഗ്ഷനാക്കി മാറ്റാനാകും. ഗുരുവായൂർ റോഡിലെ മൂന്നോ നാലോ കടമുറികൾ മാത്രമാണ് ഇതിനായി ഒഴിപ്പിക്കേണ്ടി വരിക. വീടുകളൊന്നും തന്നെ ഇവിടെയില്ല. മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകി ഈ ഒന്നര സെന്റ് സ്ഥലം ഏറ്റെടുത്താൽ ഗുരുവായൂർ വികസനത്തിൽ അതൊരു നാഴികക്കല്ലാകും. ഗോശാല പണിയാനും ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഗ്രൗണ്ട് ഉണ്ടാക്കാനും ലാന്റ് അക്വിസിഷൻ നടത്തുന്ന ചരിത്രമുള്ള ഗുരുവായൂരിന് ഇതൊരു പുത്തരിയല്ലല്ലോ. മേൽ പറഞ്ഞ കാര്യങ്ങൾക്കല്ല, റോഡ്, റെയിൽ പോലുള്ള പൊതു വികസന ആവശ്യങ്ങൾക്കാണ് ലാന്റ് അക്വിസിഷൻ നടത്തേണ്ടതെന്ന് ഓർമ്മിപ്പിക്കാനും ഈ ഇവസരം വിനിയോഗിക്കുന്നു. പദ്ധതി നടപ്പാക്കിയാൽ കുരുക്കിന് പരിഹാരമാകും എന്നതിന് പുറമെ ജംഗ്ഷന്റെ വിസ്തൃതി നിലവിലുള്ളതിനേക്കാൾ വർദ്ധിക്കുമെന്ന മേൻമയുമുണ്ട്. ശേഷം, മഴപെയ്താൽ അണഞ്ഞുപോകാത്ത ഗുണനിലവാരമുള്ള ഒരു സിഗ്‌നൽ ലൈറ്റ് കൂടി സ്ഥാപിച്ചാൽ മമ്മിയൂരിലെ ഗതാഗതക്കുരുക്ക് ശാസ്ത്രീയമായി എന്നന്നേക്കുമായി പരിഹരിക്കാവുന്നതേയുള്ളൂ. ഭരണാധികാരികളുടെ സജീവ പരിഗണനയ്ക്കുവേണ്ടി ഈ നിർദ്ദേശം സവിനയം സമർപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here