വെള്ളക്കുപ്പികൾ കളയാൻ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ഇനി ബോട്ടിൽ ബൂത്ത്

ഉപയോഗശൂന്യമായ വെള്ളക്കുപ്പികൾ കളയാൻ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ബോട്ടിൽ ബൂത്ത് സ്ഥാപിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാന ശുചിത്വ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക വലുപ്പത്തിൽ ഒരേ കളർകോഡിലാണ് ബോട്ടിൽ ബൂത്തുകൾ സ്‌കൂൾ മുറ്റത്ത് സ്ഥാപിക്കുക. പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതാണെന്ന ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2017ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 25,940 ടൺ പ്ലാസ്റ്റിക്ക് മാലിന്യം ഒരു ദിവസം പുറന്തള്ളുന്നുണ്ട്. ഇതിൽ 94 ശതമാനം റീസൈക്കിൾ ചെയ്യാവുന്നവയാണ്. പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്റെ 2017-18 ലെ കണക്കുകൾ പ്രകാരം 16.5 ദശലക്ഷം ടൺ പ്ലാസ്റ്റിക് ആണ് ഇന്ത്യക്കാർ ആ വർഷം ഉപയോഗിച്ചത്.

സാധനങ്ങളുടെ പാക്കിംഗിന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ് 43 ശതമാനവും രാജ്യത്ത് ഉപയോഗിക്കുന്നത് (എഫ്‌സിസിഐ,2016). ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പ്ലാസ്റ്റിക് എത്രമാത്രം ഇന്ത്യയില്‍  മലിനീകരണത്തിന് വഴിയൊരുക്കുന്നു എന്നതു തന്നെ.അതിനാൽ തന്നെ കുട്ടികളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നത് നല്ലതാണ്.ബോട്ടിൽ ബൂത്തുകൾ അതിന് നല്ലൊരു തുടക്കമായിരിക്കും.

കുട്ടികൾ ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശേഖരിച്ച് സംസ്‌കരണകേന്ദ്രങ്ങളിലെത്തിക്കും. വിദ്യാർത്ഥികൾ സ്‌കൂളിൽ ഉപയോഗിക്കുന്ന കുപ്പികൾ മാത്രമേ ശേഖരിക്കാൻ പാടുള്ളുവെന്നും വീട്ടിൽ നിന്നുള്ളവ നിക്ഷേപിക്കരുതെന്നും ശുചിത്വ മിഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും സ്‌കൂൾ അധികൃതർക്കും നിർദ്ദേശം നൽകും.

ഒരേ കളറിൽ, പ്രത്യേക ആകൃതിയിലുള്ള ബോട്ടിൽ ബൂത്തുകൾ നിർമ്മിക്കുന്നതിന് സ്‌പോൺസർമാരെ കണ്ടെത്താവുന്നതാണ്.

ഇതിലൂടെ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗം ക്രമേണ സ്‌കൂൾ മുറ്റത്ത് നിന്ന് കുറച്ച് കൊണ്ടുവരാനും, പൂർണമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കിയ ശേഷം ബോട്ടിൽ ബൂത്തുകൾ ഒഴിവാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ ശുചിത്വ മിഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top