ട്വന്റി20യിൽ മൂന്ന് മെയ്ഡൻ ഓവർ എറിയുന്ന ആദ്യ ഇന്ത്യൻ താരമായി ദീപ്തി ശർമ്മ

റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് ഇന്ത്യന് ക്രിക്കറ്റ് താരം ദീപ്തി ശർമ്മ.ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മെയ്ഡൻ ഓവറുകൾ എറിഞ്ഞാണ് ദീപ്തി റെക്കോർഡ് ബുക്കിൽ പേരെഴുതി ചേർത്തത്.
ട്വന്റി20യിൽ ഒരു ബോളർക്ക് പരമാവധി എറിയാവുന്നത് നാല് ഓവർ ആണെന്നിരിക്കെ ദീപ്തി ശർമ്മ അതിൽ മൂന്നും മെയ്ഡനാക്കി. ട്വന്റി20യിൽ മൂന്ന് മെയ്ഡൻ ഓവർ എറിയുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ്തി. കളിയിലെ താരവും ദീപ്തിയാണ്. ഇവർ കളിയിൽ നാല് ഓവറിൽ എട്ട് റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണെടുത്തത്. 34 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റൺസെടുത്ത ക്യപ്റ്റൻ ഹർമൻപ്രീത് കൗറായിരുന്നു ടോപ് സ്‌കോറർ. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കയെ തടഞ്ഞുനിർത്തിയത് ദീപ്തിയുടെ നേതൃത്വത്തിൽ ഉള്ള ബൗളിംഗ് നിരയാണ്. ഒടുവിൽ ഒരു പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക 119 റൺസിനു ആൾ ഔട്ടായി.
രാജ്യാന്തര ട്വന്റി20യിൽ മൂന്ന് മെയ്ഡൻ ഓവറുകളെറിഞ്ഞ ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ ഒമ്പതാമത്തെ താരവുമാണ് ദീപ്തി. ഇവരെല്ലാം വനിതാ താരങ്ങളാണ്. പുരുഷ ക്രിക്കറ്റിൽ ആരും ഇതുവരെ ആരും മൂന്ന് മെയ്ഡൻ ഓവർ എറിഞ്ഞിട്ടില്ല.
മത്സരത്തിൽ ബോൾ ചെയ്ത 19ാമത്തെ പന്തിൽ മാത്രമാണ് ദീപ്തി ശർമ്മ ആദ്യ റൺ വിട്ടുകൊടുത്തത്.റൺസ് വിട്ടുകൊടുക്കാതെ ഇതിലും അധികം പന്ത് രാജ്യാന്തര ട്വന്റി20യിൽ എറിഞ്ഞിട്ടുള്ളത് മൂന്ന് താരങ്ങൾ മാത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here