ഗൂഗിളിന് ഇന്ന് 21-ാം പിറന്നാൾ; ആഘോഷമാക്കി ഡൂഡിൾ

വിവരസാങ്കേതിക വിദ്യാ രംഗത്ത് ഗൂഗിൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം പിന്നിടുകയാണ്. ഗൂഗിളിന്റെ വാർഷികത്തോടനുബന്ധിച്ച് പഴയകാല ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് ഡൂഡിളിൽ കാണാൻ കഴിയുന്നത്.

ഗൂഗിൾ സ്ഥാപകരായ സെർഗേ ബ്രിനും ലാരി പേജിന്റെ ആശയമാണ് പിന്നീട് ഗൂഗിൾ എന്ന പേര്‌
ലോകം മുഴുവൻ പടർന്നു പിടിക്കാൻ കാരണമായത്. ദി അനാട്ടമി ഓഫ് എ ലാർജ് സ്‌കേൽ ഹൈപ്പർ ടെക്സ്റ്റ്വൽ വെബ് സെർച്ച് എഞ്ചിൻ എന്ന പ്രബന്ധമാണ് ഗൂഗിളിന്റെ ആദ്യ ചുവടുവെയ്പ്പായി അവതരിപ്പിക്കപ്പെട്ടത്.

ഗൂഗിൾ…

ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കും വിധം ഗൂഗൾ (googol) എന്ന പേര് സെർച്ച്് എഞ്ചിനു നൽകാനാണ് സ്ഥാപകർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എണ്ണിയാൽ തീരാത്ത അത്ര വിവരങ്ങൾ ഈ സെർച്ച് എഞ്ചിനിലൂടെ ലഭിക്കും എന്ന സന്ദേശമാണ് ഈ പേര് ഇടാൻ കാരണമായത്.

എന്നാൽ, ഗൂഗൾ എന്നെഴുതിയതിലെ അക്ഷരപിശക് ഗൂഗളിനെ ഗൂഗിൾ എന്നാക്കി മാറ്റി. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ (google) എന്ന പേരുവന്നു. പിന്നീട് അത് തിരുത്തിയതുമില്ല. ഗൂഗിളിൽ തിരയുന്നവർക്ക് തെറ്റ് പറ്റുന്നത് ഒഴിവാക്കാൻ ഗൂഗിൾ എന്ന വാക്കിനോട് സമാനമായ എല്ലാ പദങ്ങളുടേയും ഡൊമൈനും ഗൂഗിൾ സ്വന്തമാക്കിയിട്ടുണ്ട്.

21 വർഷത്തിനിടയിൽ ഗൂഗിൾ ഒരു വമ്പൻ ശൃഖലയായി ഗൂഗിൾ വളർന്നു കഴിഞ്ഞു.  ആൽഫ ബൈറ്റ് എന്ന സ്ഥാപനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗൂഗിൾ, സെർച്ച് എഞ്ചിൻ എന്നതിനുപരി പരസ്യവിതരണ രംഗത്തും ഇപ്പോൾ ശക്തമായ സാന്നിധ്യമാണ്.

എന്നാൽ, ഗൂഗിളിന്റെ പിറന്നാൾ ദിനങ്ങൾ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്നു എന്നത് മറ്റൊരു വാസ്തവമാണ്. 2005ൽ ഗൂഗിൾ സെപ്റ്റംബർ 26നാണ് പിറന്നാൾ ദിനം ആഘോഷിച്ചത്. 2004ലും 2003ലും യഥാക്രമം സെപ്റ്റംബർ ഏഴിനും എട്ടിനുമായാണ് ഈ ദിനം ആഘോഷിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top