Advertisement

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആശ്വാസമായി സുപ്രിം കോടതി വിധി

September 27, 2019
0 minutes Read

മരടിലെ കെട്ടിടങ്ങൾ നിലനിർത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.138 ദിവസത്തിനകം ഫ്‌ളാറ്റ് പൊളിക്കാമെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലം.

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നാലാഴ്ചയ്ക്കകം ഇരുപത്തിയഞ്ച് ലക്ഷം രൂപ ആദ്യഘട്ട നഷ്ടപരിഹാരം കൈമാറണമെന്നും സുപ്രിംകോടതി. തുക ആദ്യം സംസ്ഥാന സർക്കാർ നൽകണം. പിന്നീട് കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ഇതിനായി കെട്ടിട നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുക്കെട്ടണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഒക്ടോബർ പതിനൊന്നിന് ഫ്‌ളാറ്റ് പൊളിക്കൽ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

ജനത്തെ ദുരിതത്തിലാക്കാനല്ല കോടതിനടപടികൾ. നിയമവിരുദ്ധ നിർമാണങ്ങൾ അവസാനിപ്പിക്കാനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര നിലപാട് വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകളെ ദുരിതത്തിലാക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. 25 ലക്ഷം രൂപ ആദ്യഘട്ട നഷ്ടപരിഹാരം എന്ന നിർദേശം കോടതി മുന്നോട്ടുവച്ചു.

ഓരോ ഫ്‌ളാറ്റിനും മുപ്പത്തിയൊൻപത് ലക്ഷം രൂപ മതിപ്പുവിലയുണ്ടെന്ന് ഫ്‌ളാറ്റ് ഉടമകളുടെ അഭിഭാഷകൻ പിനാകി മിശ്ര അറിയിച്ചു. ഇതോടെ, നഷ്ടപരിഹാരം നിശ്ചയിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതി എന്ന നിർദേശം ഉയർന്നു. സമിതി അംഗങ്ങളുടെ പേരുകൾ തീരുമാനിച്ച് അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.

138 ദിവസം കൊണ്ട് പൊളിക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലവും കര്മപദ്ധതിയും കോടതിയ്ക്ക് കൈമാറി. പൊളിക്കൽ നടപടികൾക്ക് നൂറു കോടി ചെലവാകുമെന്നും അറിയിച്ചു.

പൊളിക്കൽ നടപടികൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചപ്പോൾ കോടതി വിമർശനമുന്നയിച്ചു. സർക്കാരിന് പൊളിക്കാൻ കഴിയില്ലെങ്കിൽ മറ്റാരെയെങ്കിലും കോടതി തന്നെ ഏൽപ്പിക്കാമെന്നും ചെലവ് സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര നിലപാടെടുത്തു.

ഇതോടെ, സർക്കാർ തന്നെ പൊളിച്ചുനീക്കുമെന്ന് ഹരീഷ് സാൽവെ വ്യക്തമാക്കി. മരട് മുനിസിപ്പാലിറ്റിക്ക് കീഴിൽ 291 അനധികൃത നിർമാണങ്ങൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top