ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതായി നാസ

ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതായി നാസ. ലാൻഡറിന്റെ ലക്ഷ്യസ്ഥാനമായ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയതായി തെളിയിക്കുന്ന ചിത്രങ്ങളും നാസ ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.  നാസയുടെ റീകാനസിയൻസ് ഓർബിറ്ററിലെ ക്യാമറയാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ച ചിത്രങ്ങൾ എടുത്തത്.

 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചന്ദ്രോപരിതലത്തിൽ ലാൻഡർ എവിടെയാണ് പതിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലാൻഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിൽ 150 കിലോമീറ്റർ വിസ്തൃതിയുൾപ്പെടുന്ന മേഖലയുടെ ചിത്രമാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബർ 17 നാണ് റീകാനസിയൻസ് ചിത്രങ്ങൾ പകർത്തിയത്.

മാത്രമല്ല, റീകാനസിയൻസ് ചിത്രങ്ങൾ പകർത്തിയ സമയത്ത് വെളിച്ചം കുറവായിരുന്നതിനാൽ നിഴലിൽപ്പെട്ട് ചിത്രങ്ങൾക്ക് വ്യക്തത കുറവ് നേരിട്ടിട്ടുണ്ട്. ഒക്ടോബർ 14ന് നാസയുടെ ഓർബിറ്റർ ഈ മേഖലയിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കും. അങ്ങനെയെങ്കിൽ വിക്രം ലാൻഡറിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായിരുന്ന ചന്ദ്രയാൻ2 ദൗത്യം പൂർത്തീകരിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. സോഫ്റ്റ് ലാൻഡിങാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലാൻഡർ ഇടിച്ചിറങ്ങിയതാവാം എന്ന വിലയിരുത്തലിലാണ് നാസ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top