വിജയം ഉറപ്പിച്ച് ഫ്ളക്സും ലഡുവുമായി കാത്തിരുന്നു; ഒടുവിൽ നാണംകെട്ട തോൽവി

കാത്തിരിപ്പിനൊടുവിൽ പാലാ വിധിയെഴുതി. വിജയം എൽഡിഎഫിനൊപ്പമായപ്പോൾ വർഷങ്ങളായി കൈയടക്കിയിരുന്ന മണ്ഡലം കൈവിട്ടുപോയതിന്റെ നിരാശയിലാണ് യുഡിഎഫ്. വോട്ടെണ്ണുന്നതിന് മുൻപേ തന്നെ ജോസ് ടോമിന്റെ വിജയം യുഡിഎഫ് ഉറപ്പിച്ചിരുന്നു. ഈ ഉറപ്പിന്മേലാണ് ജോസ് ടോമിന് വിജയാശംസകൾ നേർന്നുകൊണ്ടുള്ള ഫ്ളക്സുകളും വിതരണം ചെയ്യാനായി ലഡുവും ഒരുക്കിയത്.
‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി…നന്ദി… നന്ദി. മനസിൽ മായാതെ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന കെ എം മാണിസാറിന്റെ പിൻഗാമി നിയുക്ത പാലാ എംഎൽഎ അഡ്വ. ജോസ് ടോമിന് അഭിനന്ദനങ്ങൾ’ എന്ന വാചകത്തോടെയാണ് ഫ്ളക്സ് പുറത്തിറക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടയായിട്ടുണ്ട്. കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ സംസ്ഥാന ക്യാംപിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നൽകിയ പരസ്യത്തിൽ ജോസ് ടോമിനെ എംഎൽഎ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ മാണി സി കാപ്പൻ വിജയിച്ചത്. 1965 മുതൽ കെ എം മാണിയെ പിന്തുണച്ച മണ്ഡലം ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here