അമേരിക്കയിൽ സിഖ് പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ അമേരിക്കയിലെ ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു. ടെക്‌സാസ് ഡെപ്യൂട്ടി പൊലീസ് ഓഫീസറായ സന്ദീപ് സിംഗ് ദാലിവാൽ (40) ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിംഗ് സെന്ററിലേക്ക് ഓടിക്കയറി. ഇയാളെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സിഖ് വിഭാഗത്തിൽ നിന്ന് ആദ്യമായി അമേരിക്കൻ പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ് സിംഗ് ദാലിവാൽ. സന്ദീപ് ദാലിവാൽ എല്ലാവർക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മീഷണർ ആഡ്രിയൻ ഗ്രേഷ്യ പറഞ്ഞു. അഭിമാനത്തോടെയുമാണ് അദ്ദേഹം സ്വന്തം സമുദായത്തെ പ്രതിനിധീകരിച്ചത്. ഹാർവെ ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങൾ സന്ദീപ് ജനങ്ങൾക്ക് ചെയ്ത് നൽകിയെന്നും ആഡ്രിയൻ ഗ്രേഷ്യ കൂട്ടിച്ചേർത്തു.
പത്ത് വർഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. സിഖ് വിഭാഗത്തിന്റെ ആചാരത്തിന്റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാൻ സന്ദീപിന് പൊലീസ് വകുപ്പ് പ്രത്യേക അനുമതി നൽകിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here