ഹോർഡിംഗ് മറിഞ്ഞ് യുവതി മരിച്ച സംഭവം; എഡിഎംകെ നേതാവ് റിമാൻഡിൽ

വഴിയരികിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗ് മറിഞ്ഞു വീണ് യുവതി മരിച്ച സംഭവത്തിൽ എഡിഎംകെ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. എഡിഎംകെ കൗൺസിലറായ ജയഗോപാലിനെയാണ് അലന്ദുർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
പെൺകുട്ടി മരണപ്പെട്ടതിനെത്തുടർന്ന് ഒളിവിലായിരുന്ന ജയഗോപാലിനെ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരിയിലെ ഹൊസൂരിനടുത്ത് ദെങ്കണിക്കോട്ടയിലുള്ള റിസോർട്ടിൽ നിന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
കഴിഞ്ഞ സെപ്തംബർ 12നായിരുന്നു അപകടം നടന്നത്. ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് എഡിഎംകെ പ്രവർത്തകർ ചെന്നൈ പള്ളികരനായ് റോഡിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗ് ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറിയിറങ്ങി. യുവതി അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here