വിദേശികള്‍ ഇറുകിയ വസ്ത്രങ്ങൾ ധരിക്കാനും പൊതുസ്ഥലങ്ങളിൽ വെച്ച് മാന്യമല്ലാത്ത രീതിയിൽ പെരുമാറാനും പാടില്ല, കനത്ത പിഴയീടാക്കും: സൗദി അറേബ്യ

സൗദി അറേബ്യയിൽ ഇനി ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ പൊതുസ്ഥലങ്ങളിൽ വെച്ച് ചുംബിക്കുകയോ ചെയ്താൽ വിദേശികളായ വിനോദസഞ്ചാരികളാണെങ്കിൽപ്പോലും കനത്ത പിഴയീടാക്കും. വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം വന്ന് ഒരു ദിവസത്തിനകമാണ് സൗദിയുടെ ഈ തീരുമാനം.
സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ സൗദിയിൽ പുറത്തിറങ്ങി നടക്കാവൂ, പൊതുസ്ഥലങ്ങളിൽ വെച്ചു സ്നേഹപ്രകടനങ്ങൾ പാടില്ല, മാന്യമായ വസ്ത്രങ്ങൾ സ്ത്രീകൾക്കു ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയിൽ പറയുന്നത്.
സൗദിയിൽ നിലനിൽക്കുന്ന പെരുമാറ്റരീതിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു ധാരണയുണ്ടാകാനാണ് പ്രസ്താവന ഇപ്പോൾ പുറത്തിറക്കിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സൗദി അറേബ്യയിൽ ഇന്നലെ് മുതലാണ് ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്. 300 രൂപ ചെലവ് വരുന്ന വിസയ്ക്ക് ആർക്കും അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ 49 രാജ്യങ്ങൾക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ടൂറിസം വിസയാണ് സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വന്നത്.
മാത്രമല്ല, രാജ്യത്തെത്തുന്നവർക്ക് അബായ വസ്ത്രം ധരിക്കൽ നിർബന്ധമില്ലെന്നും സൗദി ടൂറിസം കമ്മീഷൻ ചെയർമാൻ അഹമദ് അൽ ഖതീബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. മുന്നൂറ് റിയാൽ വിസ ചാർജും 140 റിയാൽ ട്രാവൽ ഇൻഷുറൻസും ഉൾപ്പെടെ 440 രൂപ മാത്രമേ വിസ ചാർജായി ഈടാക്കുന്നുള്ളു.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്വതന്ത്രമായി സൗദിയിൽ പ്രവേശിക്കാം. ഓൺലൈനായി വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്ന മെഷീൻ വഴിയും വിസ എടുക്കാം. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിൽ ഇതിനായി പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അടുത്ത ഘട്ടത്തിലാവും ഓൺ അറൈവൽ വിസ അനുവദിക്കുക. ആറുമാസമാണ് വിസയിൽ രാജ്യത്ത് താമസിക്കാനാവുക. അതേ സമയം, മൂന്നുമാസം കഴിയുമ്പോൾ റീ എൻട്രി നിർബന്ധമാണ്. നിലവിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസ ഉടൻ ലഭിക്കില്ലെങ്കിലും ഓൺലൈനായി വിസ സ്വന്തമാക്കാനുള്ള അവസരമുണ്ട്. യൂറോപ്പിനെയും വികസിത ഏഷ്യൻ രാജ്യങ്ങളെയുമാണ് ടൂറിസം വിസയിലൂടെ സൗദി ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്.
അതേ സമയം, താമസത്തിന് ഹോട്ടൽ തെരഞ്ഞെടുക്കുന്നതിനും ബന്ധുക്കളുടെ കൂടെ താമസിക്കുന്നതിലും വ്യക്തത വന്നിട്ടില്ല. ഇന്ത്യ അടക്കമുള്ള രാജ്യക്കാർക്ക് വിസ കരസ്ഥമാക്കി സ്റ്റാംമ്പിംങ് പൂർത്തിയാക്കാം. ഇതിനു ശേഷം ഒരു വർഷത്തിനുള്ളിൽ സൗദിയിൽ പ്രവേശിച്ചാൽ മതി. വിസയിൽ 90 ദിവസമാണ് സൗദിയിൽ തുടരാനാവുക. ഇതിനു ശേഷം വിസ പുതുക്കിയാൽ അടുത്ത 90 ദിവസം കൂടി ലഭിക്കും.യൂറോപ്പിലെ 38 രാജ്യങ്ങൾ, ഏഴ് ഏഷ്യൻ രാജ്യങ്ങൾ, യുഎസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലന്റ്, എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഓൺ അറൈവൽ വിസ സൗകര്യം ലഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here