മരട് ഫ്‌ളാറ്റ്: പുനരധിവാസ നടപടികളിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് വി എസ് അച്യുതാനന്ദൻ

മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോൾ സർക്കാർ ജാഗ്രത പുലർത്തണമെന്ന് വി എസ് അച്യുതാനന്ദൻ. സമാനമായ നിയമലംഘനങ്ങൾ സർക്കാർ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും വി എസ് പറഞ്ഞു.
മരടിലെ ഫ്‌ളാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവർക്ക് പുനരധിവാസം നൽകേണ്ട ബാധ്യത സർക്കാരിനില്ല. മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിന് മുമ്പിണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാൾ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സർക്കാർ ഫ്‌ളാറ്റുടമകൾക്ക് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും അച്യുതാനന്ദൻ പറഞ്ഞു.
നഷ്ടപരിഹാരം നൽകേണ്ടത് നിർമാതാക്കളാണെങ്കിലും ഈ വിഷയത്തിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകുന്നത് സർക്കാരാണ്. ആ തുക നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്‌ളാറ്റ് തിരികെ നൽകുന്നതോടെ മാത്രമേ ഫ്‌ളാറ്റുടമകൾ നഷ്ടപരിഹാരത്തിന് അർഹരാകുന്നുള്ളു. ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് മാത്രം നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതുണ്ടെന്നും വി എസ് അച്യുതാനന്ദൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here