മഹാരാഷ്ട്രയിൽ 13 കോടിയുടെ ആയുധശേഖരം പിടികൂടി

മഹാരാഷ്ട്രയിലെ പാൽഘറിൽ വൻ ആയുധ ശേഖരം പോലീസ് പിടികൂടി. ഏകദേശം 13 കോടി രൂപയുടെ ആയുധങ്ങളും മയക്കുമരുന്നുമാണ് പിടികൂടിയത്. എകെ 47 അടക്കം മാരകായുധങ്ങളാണ് ആയുധശേഖരത്തിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ടു പേരിൽ നിന്നായി 80 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
മൂന്ന് എകെ47 തോക്കുകളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇനിയും ആളുകൾ സംഘത്തിലുണ്ടാവാമെന്ന സംശയത്തിലാണ് പൊലീസ്. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മുംബൈയിൽ നിർമിച്ച് വിവിധ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത ആയുധങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം മയക്കുമരുന്നുകൾ രാജ്യത്തിന് പുറത്തു നിന്നാണ് എത്തിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത്- മഹാരാഷ്ട്ര അതിർത്തിയിൽ പോലീസ് പരിശോധന കർശനമാക്കി. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here