മലപ്പുറത്തെ എഴുത്ത് ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; ട്വന്റിഫോർ ഇംപാക്ട്

മലപ്പുറം ജില്ലയിലെ എഴുത്ത് ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പൊലീസ് റെയ്ഡ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് പരിശോധന. സംഭവത്തെ തുടർന്ന് തിരൂരങ്ങാടി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ട്വന്റിവാർത്തയെ തുടർന്നാണ് നടപടി.
മലപ്പുറം വെളിമുക്കിൽ എഴുത്ത് ലോട്ടറി വിൽപന നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ബാബുവിനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറായിരത്തോളം രൂപയും പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിൽ എഴുത്ത് ലോട്ടറി വ്യാപകമായി വിൽപ്പന നടത്തുന്നു എന്ന വാർത്ത ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പരിശോധന നടത്താൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി യൂ അബ്ദുൽ കരീം ഉത്തരവിടുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വിൽപന സജീവമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here