ബന്ദിപൂര്‍ പാത അടച്ചിടല്‍: രാഹുൽഗാന്ധി മുഖ്യമന്ത്രിയെ കണ്ടു

ബന്ദിപൂർ ഗതാഗതനിയന്ത്രണത്തിൽ കേന്ദ്രസർക്കാർ യോഗം വിളിക്കും. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ യോഗം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരും. വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടക.
പരിസ്ഥിതി മന്ത്രാലയത്തേയും ഉപരിതല ഗതാഗതവകുപ്പിനേയും കർണാടകം നിലപാട് അറിയിച്ചു. നാല് ബസ്സുകളേയും അടിയന്തര ആവശ്യത്തിന് പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളേയുംബന്ദിപ്പൂർ വഴി കടത്തി വിടുന്നുവെന്ന് കർണാടകം വ്യക്തമാക്കി. അതിനിടെ വിഷയം ചർച്ച ചെയ്യാൻ രാഹുൽഗാന്ധി, മുഖ്യമന്ത്രിയെ കണ്ടു.
രാത്രി യാത്രാനിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇതിന് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു.
ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മൂഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായി രാഹുൽ പറഞ്ഞു. രാത്രിയാത്രാനിരോധനം സംബന്ധിച്ച് സംസ്ഥാനം കേന്ദ്രവുമായി ചർച്ച നടത്തുമെന്നും പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന് രാഹുൽ വ്യക്തമാക്കി.
ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ദേശീയപാതയിൽ കഴിഞ്ഞ 10 കൊല്ലമായി തുടരുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവെ കേന്ദ്രം പകൽ കൂടെ പാത അടച്ചിടുന്നതിനെ പറ്റി സുപ്രിം കോടതി വനം പരിസ്ഥിതി മന്ത്രാലയത്തിനോട് അഭിപ്രായം തേടിയിരുന്നു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറ് കണക്കിന് പേർ ദിവസവും സമരത്തിന് എത്തിച്ചേരുന്നുണ്ട്. ഇന്ന് കർഷകരെ അണിനിരത്തി സമരക്കാർ ലോങ്മാർച്ച് സംഘടിപ്പിച്ചിരുന്നു.വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവനേതാക്കളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
2010ലാണ് ബന്ദിപൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കർണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യ ജീവികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ, എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി എന്നിവരായിരുന്നു സിപ്രിം കോടതിയിൽ പ്രത്യേക ഹർജി നൽകിയത്. ഒക്ടോബർ 14നാകും രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രിം കോടതി ഇനി പരിഗണിക്കുക.
ബന്ദിപ്പൂരിൽ ആകാശപാത വേണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. ബദൽ യാത്രാ മാർഗങ്ങൾ പരിശോധിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയോട് വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here