ആദ്യ ടെസ്റ്റ് ഓപ്പണിംഗ്: അർദ്ധസെഞ്ചുറിയോടെ രോഹിതിനു മികച്ച തുടക്കം; ഇന്ത്യ സുരക്ഷിതമായ നിലയിൽ

ആദ്യമായി ലഭിച്ച ടെസ്റ്റ് ഓപ്പണർ റോൾ ഇരു കൈകളും നീട്ടി സ്വീകരിച്ച് രോഹിത് ശർമ്മ. അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന രോഹിത് ശർമ്മയുടെ മികവിൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 91 റൺസെടുത്തിട്ടുണ്ട്. സഹ ഓപ്പണർ മായങ്ക് അഗർവാൾ 39 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്നു.
കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. വെർണോൺ ഫിലാണ്ടർ-കഗീസോ റബാഡ ഓപ്പണിംഗ് ജോഡി പലപ്പോഴും ഇന്ത്യൻ ഓപ്പണർമാരെ വിറപ്പിച്ചു. ഇരു ബാറ്റ്സ്മാന്മാർക്കും ഒന്നിലധികം തവണ ജീവൻ ലഭിച്ചു. ചിലപ്പോഴൊക്കെ ഫീൽഡർമാരുടെ ചോരുന്ന കൈകളും മറ്റു ചിലപ്പോഴൊക്കെ ഭാഗ്യവും ഇരുവരുടെയും രക്ഷയ്ക്കെത്തി.
പേസർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇരുവരും സ്പിനർമാർ രംഗത്തെത്തിയതോടെ ഗിയർ മാറ്റി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും വേഗത്തിൽ സ്കോർ ഉയർത്തി. 29ആം ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ചാണ് രോഹിത് അർദ്ധസെഞ്ചുറിയിലെത്തിയത്. ഒരു ഓവർ കൂടി എറിഞ്ഞ ശേഷം ഉച്ചഭക്ഷണത്തിനായി കളി നിർത്തി.
84 പന്തുകൾ നേരിട്ട രോഹിത് 52 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്നു. അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും രോഹിത് കണ്ടെത്തി. ആറു ബൗണ്ടറികളുടെയും ഒരു സിക്സറിൻ്റെയും അകമ്പടിയോടെയാണ് മായങ്ക് അഗർവാൾ 39 റൺസെടുത്തു നിൽക്കുന്നത്. 96 പന്തുകളാണ് അഗർവാൾ നേരിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here