Advertisement

‘പിള്ളേരു കളി’; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം

October 2, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന നാലാം ടി-20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. 51 റൺസിന് പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഭേദിക്കാനാവാത്ത ലീഡ് സ്വന്തമാക്കി. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഔട്ട്ഫീൽഡ് നനഞ്ഞതിനെത്തുടർന്ന് വൈകിത്തുടങ്ങിയ മത്സരത്തിൽ ‘പിള്ളേരു കളി’ ആയിരുന്നു പ്രത്യേകത. 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഇളമുറക്കാരായ രണ്ടു പേരാണ്. 15കാരിയായ ഷഫലി വർമ 44 റൺസെടുത്ത് ടോപ്പ് സ്കോററായി. 19കാരി ജമീമ റോഡ്രിഗസ് 33 റൺസുമെടുത്തു. ഷഫലിയും മന്ദനയും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 52 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരെയും പലവട്ടം നിലത്തിട്ട ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരുടെ ‘പിള്ളേരു കളി’യും മത്സരത്തിൽ നിർണ്ണായകമായി. നാലു തവണ ജീവൻ ലഭിച്ചതിനു ശേഷമാണ് മന്ദന പുറത്തായത്. 19 പന്തുകളിൽ 13 റൺസെടുത്ത സ്മൃതി നദീൻ ഡി ക്ലാർക്കിൻ്റെ പന്തിൽ മിഗ്നോൺ ഡുപ്രീസിനു പിടി കൊടുത്താണ് മടങ്ങിയത്.

മന്ദന പുറത്തായതിനു ശേഷം ജമീമ ക്രീസിലെത്തിയതോടെ സ്കോർ ഉയർന്നു. ഇരുവരും അനായാസം സ്കോർ ഉയർത്തി. അർധസെഞ്ചുറിക്ക് നാലു റൺസ് അകലെ ഷഫലി വീണു. സെഖുഖുനെയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ ഷഫലിക്കും കിട്ടിയിരുന്നു നാലു ലൈഫ്. ശേഷം ഹർമൻപ്രീത് (16), ദീപ്തി ശർമ്മ (20*) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

മറുപടി ബാറ്റിംഗിൽ, 20കാരി പൂജ വസ്ട്രാക്കറുടെ ഫീൽഡിംഗ് സ്കിൽ വീണ്ടും പിള്ളേരു കളിയുടെ ഉദാഹരണമായി. നേരിട്ടുള്ള ത്രോയിൽ അപകടകാരിയായ ലിസേൽ ലീയെ (9) പുറത്താക്കി പൂജ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. തസ്മിൻ ബിറ്റ്സ് (20), ലോറ വോൾവാർട്ട് (23) എന്നിവരെ യഥാക്രമം ദീപ്തി ശർമയും രാധ യാദവും പുറത്താക്കി. ശേഷം നദിൻ ഡി ക്ലർക്ക് (9), മിഗ്നോൺ ഡുപ്രീസ് (0), സുൻ ലൂസ് (5) എന്നിവരെ പൂനം യാദവ് പുറത്താക്കി. ഷബ്‌നിം ഇഷ്മായിലിനെ (5) പുറത്താക്കിയ രാധ യാദവ് തൻ്റെ രണ്ടാം വിക്കറ്റ് കരസ്ഥമാക്കി. ലാറ ഗൂഡൽ (8), അയബോങ ഖാക (3) എന്നിവർ പുറത്താവാതെ നിന്നു.

പൂനം യാദവ് മൂന്നും രാധ യാദവ് രണ്ടും വിക്കറ്റുകൾ നേടി.

ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങൾ മഴ മൂലം മുടങ്ങി. ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും 2 വിജയം നേടിയതു കൊണ്ട് തന്നെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here