സെഞ്ചൂറിയൻ ഹിറ്റ്മാൻ; ഇന്ത്യ കുതിക്കുന്നു

ടെസ്റ്റ് ഓപ്പണർ റോളിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 160 പന്തുകൾ നേരിട്ടാണ് രോഹിത് ടെസ്റ്റിലെ നാലാമത്തെയും ഓപ്പണിംഗിലെ ആദ്യത്തെയും സെഞ്ചുറിയാണ് നേടിയത്. ഇപ്പോൾ 115 റൺസെടുത്ത രോഹിതും 84 റൺസ് നേടിയ മായങ്ക് അഗർവാളും പുറത്താവാതെ നിൽക്കുകയാണ്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 200 റൺസ് പിന്നിട്ടു കഴിഞ്ഞു.
കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. വെർണോൺ ഫിലാണ്ടർ-കഗീസോ റബാഡ ഓപ്പണിംഗ് ജോഡി പലപ്പോഴും ഇന്ത്യൻ ഓപ്പണർമാരെ വിറപ്പിച്ചു. ഇരു ബാറ്റ്സ്മാന്മാർക്കും ഒന്നിലധികം തവണ ജീവൻ ലഭിച്ചു. ചിലപ്പോഴൊക്കെ ഫീൽഡർമാരുടെ ചോരുന്ന കൈകളും മറ്റു ചിലപ്പോഴൊക്കെ ഭാഗ്യവും ഇരുവരുടെയും രക്ഷയ്ക്കെത്തി.
പേസർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇരുവരും സ്പിനർമാർ രംഗത്തെത്തിയതോടെ ഗിയർ മാറ്റി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും വേഗത്തിൽ സ്കോർ ഉയർത്തി. 29ആം ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ചാണ് രോഹിത് അർദ്ധസെഞ്ചുറിയിലെത്തിയത്. ഒരു ഓവർ കൂടി എറിഞ്ഞ ശേഷം ഉച്ചഭക്ഷണത്തിനായി കളി നിർത്തി.
ലഞ്ചിനു ശേഷവും രോഹിത് ആക്രമണം തുടർന്നു. സ്കോർ 81ൽ നിൽക്കെ തുടർച്ചയായി രണ്ട് തവണ സിക്സറിനു പറത്തിയ രോഹിത് അനായാസമാണ് ബാറ്റ് ചെയ്തത്. ഇതിനിടെ 37ആം ഓവറിൽ 114 പന്തുകളിൽ നിന്ന് അഗർവാൾ ഫിഫ്റ്റി കുറിച്ചു. ഒരു സിക്സറോടെയാണ് അഗർവാൾ അർധസെഞ്ചുറിയിലെത്തിയത്. 163 പന്തുകൾ നേരിട്ട രോഹിത് 10 ബൗണ്ടറിയും നാലു സിക്സറുകളും സഹിതം 54ആമത്തെ ഓവറിലാണ് സെഞ്ചുറി തികച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here