Advertisement

വിജയ് ഹസാരെ: പടിക്കൽ കലമുടച്ചു; കേരളത്തിന് അവിശ്വസനീയ തോൽവി

October 2, 2019
0 minutes Read

ജാർഖണ്ഡിനെതിരെ അവിശ്വസനീയമായ തോൽവി വഴങ്ങി കേരളം. 5 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ജാർഖണ്ഡിൻ്റെ 258 റൺസ് പിന്തുടർന്നിറങ്ങിയ കേരളം ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ അഞ്ച് റൺസകലെ എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തിൻ്റെ മുക്കാൽ ഭാഗത്തും തങ്ങളുടെ കൈപ്പിടിയിലായിരുന്ന മത്സരം അവസാന ഓവറുകളിലാണ് കേരളം കൈവിട്ടത്. ജാർഖണ്ഡിനു വേണ്ടി ഉത്കർഷ് സിംഗും അനുകുൾ റോയിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ ഓപ്പണിംഗ് ജോഡിയെയാണ് കേരളം പരീക്ഷിച്ചത്. കഴിഞ്ഞ വിനൂപ് മനോഹരനു പകരം ഓൾറൗണ്ടർ ജലജ് സക്സേന വിഷ്ണു വിനോദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തി. ആദ്യ വിക്കറ്റിൽ വിഷ്ണുവിനൊപ്പം 66 റൺസ് കൂട്ടിച്ചേർത്ത ജലജ് ഈ തീരുമാനത്തെ സാധൂകരിച്ചു. 18 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ജലജ് ആറാം ഓവറിൽ പുറത്തായി. രാഹുൽ ശുക്ല ജലജിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

തുടർന്ന് സഞ്ജു സാംസൺ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തു നിന്ന് ബാറ്റിംഗ് തുടർന്ന സഞ്ജു വിഷ്ണുവുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. 40 പന്തുകളിൽ ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 48 റൺസെടുത്ത സഞ്ജു 15ആം ഓവറിലാണ് പുറത്തായത്. സഞ്ജുവിനെ അനുകുൾ റോയ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

തുടർന്ന് സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് മൂന്നാം വിക്കറ്റിൽ 37 റൺസിൻ്റെ കൂട്ടുകെട്ട്. അർധസെഞ്ചുറിയ്ക്ക് തൊട്ടുപിന്നാലെ വിഷ്ണു വിനോദിനെ ഉത്കർഷ് സിംഗിൻ്റെ പന്തിൽ ഇഷാൻ കിഷൻ പിടികൂടി. 44 പന്തുകളിൽ ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 56 റൺസെടുത്താണ് വിഷ്ണു പുറത്തായത്. റോബിൻ ഉത്തപ്പ (1) വന്നതും പോയതും ഒരുമിച്ചായി. ഉത്കർഷിനു രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് ഉത്തപ്പ മടങ്ങിയത്.

തുടർന്ന് പൊന്നം രാഹുലും സച്ചിൻ ബേബിയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 64 റൺസ് കൂട്ടിച്ചേർത്തു. 49 പന്തുകളിൽ ആറു ബൗണ്ടറികളും ഒരു സിക്സറും സഹിതം 60 റൺസെടുത്ത സച്ചിനെ ഉത്കർഷ് സിംഗിൻ്റെ പന്തിൽ അനുകുൾ റോയ് പിടികൂടി. ആ വിക്കറ്റാണ് കേരളത്തെ തകർത്തത്. ജയത്തിലേക്ക് വെറും 24 റൺസ് മാത്രമായിരുന്നു സച്ചിൻ ബേബി പുറത്തയപ്പോൾ കേരളത്തിനു വേണ്ടിയിരുന്നത്. പിന്നീട് വന്നവരിൽ ആർക്കും ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് അസ്‌ഹറുദ്ദീൻ (3), ബേസിൽ തമ്പി (5) എന്നിവർ വേഗം പുറത്തായി. അവസാന ഓവറിൽ എട്ട് റൺസായിരുന്നു ജയിക്കാൻ വേണ്ടത്. അനുകുൾ റോയ് എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ നിധീഷ് എംഡി (0) ക്ലീൻ ബൗൾഡ്. നാലാം പന്തിൽ ക്രീസ് വിട്ടിറങ്ങിയ സന്ദീപ് വാര്യർ (0) സ്റ്റമ്പ്ഡ് ആയി. അവസാന പന്തിൽ ആറു റൺസ് ജയിക്കാൻ വേണ്ടിയിരുന്നു. പൊന്നം രാഹുലിൻ്റെ കൂറ്റൻ ഷോട്ട് രാഹുൽ ശുക്ലയുടെ കൈകളിൽ അവസാനിച്ചു.

ഈ തോൽവിയോടെ കേരളത്തിൻ്റെ നില പരുങ്ങലിലായിരിക്കുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് കേരളത്തിനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top