Advertisement

ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

October 3, 2019
Google News 1 minute Read

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജമ്മ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് അറ്റകുറ്റ പണി തടസപ്പെട്ടുത്തിയതിനാണ് ക്രിമിനൽ വകുപ്പ് പ്രകാരം അരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ഷൻ വിജ്ഞാപനം വന്നതിന് പിന്നാലെ എരമല്ലൂർ എഴുപുന്ന റോഡിൽ അറ്റകുറ്റപണി നടത്തിയ PWD ഉദ്ദ്യോഗസ്ഥർ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു ഷാനിമോളും കോൺഗ്രസ് പ്രവർത്തകരും റോഡുപണി തടസപ്പെടുത്തിയത്.

ഇലക്ഷൻ വിജ്ഞാപനം വന്നതിന് പിന്നാലെ ഇക്കഴിഞ്ഞ 27 ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊളിഞ്ഞ് കിടന്ന എരമല്ലുർ എഴുപുന്ന റോഡ് അറ്റകുറ്റപണി നടത്താൻ പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥരും തൊഴിലാളികളും എത്തുന്നു. തുടർന്ന് പണി നടന്ന് കൊണ്ടിരിക്കെ ഷാനിമോൾ ഉസ്മാനും കോൺഗ്രസ് പ്രവർത്തകരും എത്തി പണി തടസപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം നടക്കുന്ന റോഡ് പണി ചട്ടവിരുദ്ധമാണെന്ന് കാട്ടിയായിരുന്നു പ്രതിഷേധം.

Read Also : അരൂരിൽ ഷാനിമോൾ ഉസ്മാൻ; യുഡിഎഫ് സ്ഥാനാർത്ഥികളായി

തുടർന്ന് പണിനിർത്തിവെച്ച് ഉദ്ദ്യോഗസ്ഥർക്ക് തിരിച്ച് പോകേണ്ടി വന്നു. ഇലക്ഷൻ വിജ്ഞാപനത്തിന് മുമ്പ് കരാർ നൽകുകയും, മഴ കാരണം നിർമാണം വൈകുകയും ചെയ്ത അറ്റകുറ്റപണി ചട്ടവിരുദ്ധമല്ലെന്നാണ് പൊതുമരാമത്ത് പറയുന്നത്. ഇതിന് പിന്നാലെ PWD ചീഫ് എഞ്ചിനിയർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ഷാനിമോൾക്കെതിരെ അരുർ പൊലീസ് ക്രിമിനൽ കേസ് എടുത്തിരിക്കുന്നത്. എന്നാൽ ജയിലിൽ പോകേണ്ടി വന്നാലും നിലപാടിൽ നിന്ന് പിൻ മാറില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അതേസമയം ഷാനി മോൾ നടത്തിയത് ക്രിമിനൽ കുറ്റം തന്നെയാണെന്നും എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു.

ഐപിസി 353 പ്രകാരം ഷാനിമോൾക്കും, കോൺഗ്രസ് പ്രവർത്തകർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഏതായാലും അരൂരിലെ തെരഞ്ഞെടുപ്പ് ചൂടിൽ വരും ദിവസങ്ങളിൽ പുത്തൻ ആരോപണ പ്രത്യാരോപണങ്ങൾക്കാകും ഈ സംഭവം വഴിയൊരുക്കുക.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും താൻ പ്രതികരിക്കുമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നീക്കങ്ങൾ നടത്തുന്നതിനെ താൻ കാര്യമാക്കുന്നില്ലെന്നും മണ്ഡലത്തിൽ വലിയ രീതിയിലുള്ള വിജയം നേടാൻ കഴിയുമെന്നും ഷാനിമോൾ ഉസ്മാൻ ട്വന്റി ഫോറിനോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here