രോഹിത് ബ്രാഡ്മാനൊപ്പം; അപൂർവ നേട്ടം കുറിച്ച് ഇന്ത്യൻ ഓപ്പണർ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഉജ്ജ്വല സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്ക് അപൂർവമായ റെക്കോർഡ്. ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനൊപ്പമാണ് ഇനി രോഹിത് ശർമ്മയുടെ സ്ഥാനം. ഹോം മത്സരങ്ങളിലെ ശരാശരിയിലാണ് ബ്രാഡ്മാനൊപ്പം രോഹിതും റെക്കോർഡ് പങ്കിടുന്നത്.
15 ഇന്നിംഗ്‌സില്‍ നിന്നായി 98.22 ശരാശരിയിൽ 884 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. ബ്രാഡ്മാൻ ആവട്ടെ 50 ഹോം ഇന്നിംഗ്‌സുകളില്‍ നിന്നായി 4322 റൺസ് നേടിയിട്ടുണ്ട്. ബ്രാഡ്മാൻ്റെ ശരാശരിയും കൃത്യം 98.22.
ഇതോടൊപ്പം തുടര്‍ച്ചയായി ഏറ്റവുമധികം തവണ 50നു മുകളിൽ സ്‌കോര്‍ നേടുകയെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനും രോഹിത് പങ്കാളിയായി. ഇത് ആറാം തവണയാണ് രോഹിത് തുടര്‍ച്ചയായ 50 പ്ലസ് സ്‌കോര്‍ കണ്ടെത്തുന്നത്. 1997-98 വര്‍ഷങ്ങളിലായിരുന്നു ദ്രാവിഡിന്റെ നേട്ടം.
മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 502 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇന്നിംഗ്സിൻ്റെ അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയെ പിന്നോട്ടടിച്ചെങ്കിലും രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് (30)* ഇന്ത്യൻ സ്കോർ 500 കടത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് 3 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യക്കു വേണ്ടി ഓപ്പണർമാരാണ് തിളങ്ങിയത്. രോഹിത് 176 റൺസെടുത്തും മായങ്ക് അഗർവാൾ 215 റൺസെടുത്തും പുറത്തായി. മായങ്ക് അഗർവാളും രോഹിത് ശർമ്മയും ചേർന്ന 317 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്.
ശേഷം ചേതേശ്വർ പൂജാര (6), വിരാട് കോലി (20), അജിങ്ക്യ രഹാനെ (15), ഹനുമ വിഹാരി (10) എന്നിവർ വേഗം പുറത്തായി. 21 റൺസെടുത്ത വൃദ്ധിമാൻ സാഹയും 30 റൺസെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യൻ സ്കോർ 500 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഐഡൻ മാർക്രത്തിൻ്റെ (5) വിക്കറ്റ് നഷ്ടമായി. ആർ അശ്വിനാണ് മാർക്രത്തിനെ പുറത്താക്കിയത്. 10 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസാണ് പ്രോട്ടീസിൻ്റെ സമ്പാദ്യം. ഡീൽ എൽഗർ (11), തിയൂനിസ് ഡി ബ്രൂയിൻ (4) എന്നിവരാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here