സ്റ്റെന്റ് വിതരണക്കാരുടെ സംഘടന നടത്തിവന്ന സമരം അവസാനിപ്പിച്ചു

സ്റ്റെന്റ് വിതരണക്കാരുടെ സംഘടന നടത്തിവന്ന സമരം അവസാനിപ്പിച്ചു. കുടിശ്ശിക ഇനത്തിൽ സർക്കാരിൽ നിന്ന് 43 കോടി രൂപ ലഭിക്കാനുളള പശ്ചാത്തലത്തിലായിരുന്നു വിതരണക്കാരുടെ സമരം.

ഈ മാസം 25ന് മുൻപ് ഘട്ടം ഘട്ടമായി തുക നൽകാമെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് ആരോഗ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സർക്കാരിന്റെ പ്രതിനിധി സ്റ്റെന്റ് വിതരണക്കാരുടെ സംഘടനയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ സർക്കാർ മുന്നോട്ടു വച്ച ഉപാധികൾ സ്റ്റെന്റ് വിതരണക്കാരുടെ സംഘടന എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് അംഗീകരിച്ചു. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം 19 മുതലാണ് സ്റ്റെന്റ് കമ്പനികൾ വിതരണം നിർത്തിയത്. കോഴിക്കോട് ,ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ സ്റ്റെന്റ് വിതരണമാണ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്. 43 കോടി രൂപയാണ് സർക്കാർ വിതരണക്കാർക്ക് നൽകാൻ ഉള്ളത്. ഈ പശ്ചാത്തലത്തിൽ കുടിശ്ശിക മുഴുവൻ കൊടുത്ത് തീർക്കുന്നത് വരെ മൂന്ന് മെഡിക്കൽ കോളേജുകൾക്കും സ്റ്റെന്റ് കടമായി നൽകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന വിതരണക്കാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.

എന്നാൽ, മെഡിക്കൽ കോളേജുകളിൽ 10 ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് ഉള്ളത് കൊണ്ട് ആദ്യഘട്ടത്തിൽ സമരം ആശുപത്രികളെ ബാധിച്ചിരുന്നില്ല. സമരം 15-ാം ദിവസത്തിലേക്ക് കടന്നതോടെ സമരം ആശുപത്രികളെ ബാധിച്ച് തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്ന് സർക്കാർ ചർച്ചയ്ക്ക് തയാറായത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More