ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സുരേഷ് ഗോപി-ശോഭന ചിത്രം; ഷൂട്ടിംഗ് ആരംഭിച്ചു: ലൊക്കേഷൻ ചിത്രങ്ങൾ കാണാം

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സുരേഷ് ഗോപി-ശോഭന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈയിൽ ഷൂട്ടിംഗ് തുടങ്ങിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തു വന്നിട്ടുണ്ട്.
മേജർ രവി, സുരേഷ് ഗോപി എന്നിവർക്കൊപ്പം സംവിധായകൻ അനൂപ് സത്യൻ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. മേജർ രവിയുടെ പിന്നിലിരുന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ സുപ്രധാന താരങ്ങൾ. ഇവർക്കൊപ്പം ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും എക്സ്റ്റൻഡഡ് കാമിയോ റോളിൽ ചിത്രത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നസ്രിയ നസീമും ചിത്രത്തിലുണ്ടെന്നാണ് വിവരം.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
തൻ്റെ നിർമ്മാണക്കമ്പനിയായ വേ ഫേറർ ഫിലിംസ് പുറത്തിറക്കുന്ന ആദ്യ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ പുറത്തു വിട്ടിരുന്നു. പുതുമുഖ സംവിധായകൻ ഷംസു സൈബ സംവിധാനം ചെയ്യുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൻ്റെ പോസ്റ്ററാണ് ദുൽഖർ അവതരിപ്പിച്ചത്. ക്യാമറക്ക് പിന്നിലും മുന്നിലും ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here