‘മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു’; ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ പരാതി നൽകി ഉഷ ഹസീന

‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ പരാതി നൽകി നടി ഉഷ ഹസീന. ഉഷ ഹസീനയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്നു.
ഭീഷണിപ്പെടുത്തി മത്സരത്തിൽ നിന്ന് പിന്മാറ്റാനാണ് കുക്കു പരമേശ്വരന്റെ ശ്രമം. നശിപ്പിച്ചെന്ന് കുക്കു അവകാശപ്പെടുന്ന മെമ്മറി കാർഡ് ഇപ്പോഴും അവരുടെ കൈവശമുണ്ടെന്നും ഉഷ പറയുന്നു. മെമ്മറി കാർഡ് സ്വാർത്ഥ താൽപര്യത്തിനും മറ്റാർക്കോ വേണ്ടിയും ഉപയോഗിക്കുന്നു. ചലച്ചിത്രരംഗത്തെ സ്ത്രീകളെ കുക്കു ചതിച്ചു. ആർക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പുറത്തുവരണമെന്നും ഉഷ ഹസീന വ്യക്തമാക്കി.
‘അമ്മ’ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി തുടങ്ങിയവർക്കാണ് ഉഷ ഹസീന പരാതി നൽകിയത്. അംഗങ്ങൾക്ക് വേണ്ടി താൻ ഒപ്പിട്ട പരാതിയിൽ, ദുരനുഭവം തുറന്നു പറഞ്ഞ മുഴുവൻ നടിമാരുടെയും പേര് ചേർത്തിട്ടുണ്ടെന്ന് ഉഷ ഹസീന വെളിപ്പെടുത്തി. കുക്കു പരമേശ്വരൻ തങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയ ഘട്ടത്തിലാണ് തങ്ങൾ ഇങ്ങനെയൊരു പരാതിയുമായി മുന്നോട്ട് പോയതെന്നും ഉഷ ഹസീന വ്യക്തമാക്കി.
Story Highlights : usha haseena against cuckoo parameswaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here