സതീഷിന് മുൻകൂർ ജാമ്യമുണ്ട്; കസ്റ്റഡിയിൽ എടുത്തത് സ്വാഭാവിക നടപടി; പ്രതികരണവുമായി സതീഷിന്റെ അഭിഭാഷകൻ

യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അഭിഭാഷകന്റെ പ്രതികരണം. സതീഷിന് താത്കാലികമായി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നതും. 2 ലക്ഷം രൂപ വരുന്ന രണ്ട് ജാമ്യക്കാരെ ഹാജരാക്കി സതീഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജാമ്യത്തിൽ വിടണമെന്നാണ് കൊല്ലം ജില്ലാ കോടതി പറഞ്ഞിട്ടുള്ളതെന്നും അഭിഭാഷകൻ മുനീർ പറഞ്ഞു. സതീഷിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കേറ്റ് സി പ്രതാപചന്ദ്രൻ പിള്ളയാണ്.
സതീഷിന് ഷാർജയിലെ ജോലി നഷ്ടമായി അതുകൊണ്ടു തന്നെ നാട്ടിലേക്ക് വന്നേ തീരൂ. പൊലീസിന് കൈമാറുന്നത് സ്വാഭാവിക നടപടിയാണ്. ക്രൈം ബ്രാഞ്ച് എത്തിയ ശേഷം മാത്രമേ സതീഷിനെ ജാമ്യത്തിൽ വിട്ടയക്കാൻ സാധിക്കൂവെന്നും അഭിഭാഷകൻ പറഞ്ഞു.
സതീഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള ട്വന്റി ഫോറിനോട് പ്രതികരിച്ചു. മകളുടെ മരണത്തിൽ അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്നും രാജശേഖരൻപിള്ള പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് സതീഷ് പിടിയിലായത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. അതുല്യയെ സതീഷ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights : Taking him into custody was a natural step; Satheesh’s lawyer responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here