വീണത് നാലു വിക്കറ്റുകൾ; ശേഷം രക്ഷാപ്രവർത്തനം: ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 502 പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ഡീൽ എൽഗാർ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
സ്കോർ ബോർഡിൽ 14 റൺസ് മാത്രമുള്ളപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസെടുത്ത ഐഡൻ മാർക്രത്തെ അശ്വിൻ ക്ലീൻ ബൗൾഡാക്കി. തിയൂനിസ് ഡീ ബ്രുയിനെ (4) സാഹയുടെ കൈകളിലെത്തിച്ച അശ്വിൻ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു. സ്കോർ ബോർഡിൽ 31 റൺസ് മാത്രം. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ഡീൻ പീറ്റിനെ (0) രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡാക്കി ദക്ഷിണാഫ്രിക്കയെ അപകടത്തിലേക്ക് തള്ളിയിട്ടു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് 39 റൺസെന്ന നിലയിലായിരുന്നു.
മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 63 റൺസ് ആയപ്പോഴേക്കും നാലാം വിക്കറ്റ് നഷ്ടമായി. 18 റൺസെടുത്ത തെംബ ബാവുമയെ ഇഷാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുരുക്കി. തുടർന്നാണ് ഡുപ്ലെസിസ് ക്രീസിലെത്തിയത്. അനായാസം ബാറ്റ് ചെയ്ത ഫാഫ് എൽഗറിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. 112 പന്തുകളിൽ എൽഗർ അർധസെഞ്ചുറിയിലെത്തി. ഇരുവരും ചേർന്ന കൂട്ടുകെട്ട് ഇപ്പോൾ 83 റൺസ് പിന്നിട്ടു കഴിഞ്ഞു.
അവസാനം വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തിട്ടുണ്ട്. 75 റൺസുമായി ഡീൽ എൽഗറും 42 റൺസുമായി ഡുപ്ലെസിസുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here