അനുരാഗ് കശ്യപിന്റെ കിൽ ബിൽ റീമേക്കിൽ ഷാരൂഖ് ഖാൻ വില്ലൻ; വാർത്ത വ്യാജം

കഴിഞ്ഞ ദിവസമാണ് സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ക്വന്റിന്‍ ടറന്റിനോയുടെ റിവഞ്ച് ഡ്രാമ ചിത്രം ‘കിൽ ബിൽ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. നിഖിൽ ദ്വിവേദി നിർമ്മിക്കുന്ന ചിത്രം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുമെന്നും ഷാരൂഖ് ഖാൻ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ഈ വാർത്തകൾ തള്ളി നിഖിൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നിഖിൽ ഈ വാർത്ത തള്ളിയത്. സംഗതി വ്യാജമാണെന്ന് അദ്ദേഹം അറിയിച്ചു. ‘കിൽ ബിൽ റീമേക്ക് ചെയ്യുന്നുവെന്നും ഷാരൂഖ് ഖാൻ അതിൽ അഭിനയിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ശുദ്ധ അസംബന്ധമാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എന്നത് എല്ലാവർക്കും, വിശേഷിച്ച് എനിക്ക് സ്വപ്നസാക്ഷാത്കാരമാണ്. ഞാൻ അദ്ദേഹത്തെ ബഹുമനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇത് പക്ഷേ, ആരുടെയോ ഭാവനയിൽ വിരിഞ്ഞ കള്ളക്കഥ മാത്രമാണ്’- തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം പറഞ്ഞു.

ടറൻ്റീനോയുടെ ശ്രദ്ധേയമായ ഒരു സിനിമയാണ് കിൽ ബിൽ. 2003ലും 2004ലുമായി രണ്ട് ഭാഗങ്ങളിൽ പുറത്തിറങ്ങിയ സിനിമ ഒട്ടേറെ പുരസ്കാരങ്ങൾ നേടി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top