കോഴിക്കോട് ആറു പേർ മരിച്ച സംഭവം; ആസൂത്രിത കൊലപാതകമാകാമെന്ന സൂചന നൽകി പൊലീസ്

കോഴിക്കോട് കൂടത്തായിയില്‍, ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാകാമെന്ന സൂചന നൽകി പൊലീസ്. വടകര റൂറൽ എസ് പി കെ ജി സൈമണാണ് കൊലപാതക സൂചന നൽകിയത്.
മരണത്തിന് മുമ്പ് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നെന്ന് എസ്പി പറഞ്ഞു. അന്വേഷണ പുരോഗതി പങ്കു വെക്കാൻ കഴിയില്ലന്നും ഒന്നുമില്ലാതെ തങ്ങൾ ശാസ്ത്രീയ പരിശോധന നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന ഒരു മണി വരെ നീണ്ടു. ആദ്യം കോടഞ്ചേരി പള്ളിയിലും, പിന്നീട് കൂടത്തായി പള്ളിയിലുമായിരുന്നു ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ഭൗതികാവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മരണത്തിലേക്ക് നയിച്ച അസുഖങ്ങളിലെ സമാനതകൾ ബന്ധുകളിൽ സംശയം ഉയർത്തിയിരുന്നു. കുടുംബസ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായതിന് പിന്നാലെ മരിച്ച ടോം തോമസിന്റെ മകനും റോയിയുടെ സഹോദരൻ കൂടിയായ റോജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങളുടെ കല്ലറ തുറന്ന് ഇന്ന് രാവിലെ പരിശോധന നടത്തിയിരുന്നു.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here