മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് കമ്പനികൾ

നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് കമ്പനികൾ. പൊളിക്കുന്നതിനു മുൻപ് നഗരസഭക്ക് നൽകിയ താത്പര്യ പത്രത്തിലാണ് കമ്പനികൾ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഫ്‌ളാറ്റ് പൊളിക്കുന്നതിനായി മൂന്ന് കമ്പനികളാണ് പരിഗണനയിലുള്ളത്. കെട്ടിടം കൈമാറി രണ്ട് മാസത്തിനകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കാമെന്ന് കമ്പനികൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
അതേസമയം, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവിധ ഫ്‌ളാറ്റ് നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ഏറെ ആശങ്കയിലാണ്. സ്‌ഫോടനം നടക്കുമ്പോൾ വീടുകൾക്ക് നാശനഷ്ടമുണ്ടാകുമെന്നും ഇത് പരിഹരിക്കാൻ നടപടി വേണമെന്നാമാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട പരാതി നഗരസഭയ്ക്കും സർക്കാരിനും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ ലിസ്റ്റിൽ ഒന്നാമതുള്ള മുംബൈയിലെ എഡിഫൈസ് എൻജിനീയറിംഗ് കമ്പനിയുടെ ഉടമ ഉൽക്കർഷ് മേത്തയുടെ പ്രതികരണം. ഫ്‌ലാറ്റുകൾ സ്‌ഫോടനം നടത്തി പൊളിച്ച് മാറ്റുമ്പോൾ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കേണ്ടി വരും. വീടുകൾക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്നും. 80 ശതമാനം പൊടിപടലങ്ങളും നിയന്തിക്കാൻ കഴിയുമെന്നും ഉൽക്കർഷ് മേത്ത പറഞ്ഞു.
ഓരോ ഫ്‌ളാറ്റിന്റെയും ഘടന അനുസരിച്ച് പല നിലകളിലായി സ്‌ഫോടകവസ്തുക്കൾ വച്ചാണ് പൊളിക്കുക. സ്‌ഫോടനം നടന്ന് പത്ത് സെക്കന്റിനുള്ളിൽ ചീട്ടുകൊട്ടാരം തകരുന്നത് പോലെ ഫ്‌ളാറ്റ് നിലം പതിക്കും. എഡിഫെയ്‌സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ്, സുബ്രമണ്യ എക്‌സ്‌പ്ലോസീവ് എന്നീ കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്.
മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്കെതിരെയുള്ള കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, അൽഫ, ഹോളിഫെയ്ത്, ജെയിൻ ഹൗസിംഗ് എന്നീ നിർമാണ കമ്പനികളുടെ കൊച്ചിയിലെ ഓഫീസുകളിൽ റെയ്ഡ് നടത്തി. മരടിലെ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ സംഘം പിടിച്ചെടുത്തു. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്യത്തിലുള്ള പത്തംഗ സംഘമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. മരട് നഗരസഭയിലെത്തി സംഘം ഇന്നലെ രേഖകൾ പരിശോധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here