രോഹിതിന് അർധസെഞ്ചുറി; ഓപ്പണറായി റെക്കോർഡ്: ഇന്ത്യ മികച്ച ലീഡിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. ഒന്നാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ചുറിയടിച്ച മായങ്ക് അഗർവാൾ 7 റൺസെടുത്ത് പുറത്തായെങ്കിലും ആദ്യ ഇന്നിംഗ്സിലെ ഫോം തുടർന്ന രോഹിത് ശർമ്മയാണ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. രോഹിതിനൊപ്പം ചേതേശ്വർ പൂജാരയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.
71 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 21 റൺസ് മാത്രം ഉണ്ടായിരുന്നപ്പോൾ മായങ്ക് അഗർവാളിനെ നഷ്ടമായി. 7 റൺസെടുത്ത മായങ്കിനെ കേശവ് മഹാരാജ് ഡുപ്ലെസിസിൻ്റെ കൈകളിലെത്തിച്ചു. ശേഷമാണ് ചേതേശ്വർ പൂജാര ക്രീസിലെത്തിയത്. ക്രീസിലുറച്ചു നിന്ന പൂജാര പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തതെങ്കിലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് റൺ നിരക്ക് താഴാൻ അനുവദിച്ചില്ല. ഇതിനിടെ 72 പന്തുകളിൽ രോഹിത് അർധസെഞ്ചുറിയിലെത്തി.
ഇതോടെ പൂജാരയും ഗിയർ മാറ്റി. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ പൂജാര വേഗത്തിൽ സ്കോർ ഉയർത്തി. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ്. 56 റൺസെടുത്ത രോഹിത് ശർമ്മയും 38 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 81 റൺസിലെത്തിയിട്ടുണ്ട്.
ടെസ്റ്റ് ഓപ്പണറായ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റണ്ണുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ താരം കെപ്ലർ വെസ്സൽസ് 1982/83 കാലയളവിൽ രണ്ട് ഇന്നിംഗ്സുകളിലായി നേടിയ 208 റൺസാണ് രോഹിത് തകർത്തത്. നിലവിൽ രോഹിതിന് 233 റൺസുണ്ട്.